News Desk

2022-01-14 09:33:42 pm IST
ദമ്മാം: പ്രവാസികള്‍ക്കിടയില്‍ ഓണ്‍ലൈണ്‍ തട്ടിപ്പ് സംഘങ്ങള്‍ വിലസുന്നു. ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായ ദമ്മാമിലെ പ്രമുഖ ആശുപത്രിയില്‍ ജോലി ചെയ്യുന്ന മൂന്ന് മലയാളി നഴ്‌സുമാര്‍ക്ക് ഒരു ദിവസം നഷ്ടമായത് ലക്ഷത്തിലധികം റിയാലാണ്. മൂന്നുപേരെയും ഏതാണ്ട് ഓരേ സമയത്ത് സമാനരീതിയിലാണ് തട്ടിപ്പിനിരയാക്കിയത്. 

ഇവരുടെ അക്കൗണ്ടുകളില്‍ പണമുണ്ടെന്ന അറിവ് തട്ടിപ്പുകാര്‍ക്കുണ്ടെന്ന് തോന്നുന്ന രീതിയിലാണ് ഇതിന്റെ ആസൂത്രണം. നാട്ടിലെ ചില ബാധ്യതകള്‍ തീര്‍ക്കാന്‍ ബാങ്കില്‍ നിന്ന് ലോണെടുത്ത പണം ഇവരുടെ അക്കൗണ്ടില്‍ എത്തിയതിന്റെ രണ്ട് ദിവസം കഴിഞ്ഞാണ് ഇവര്‍ക്ക് ഒരു ഫോണ്‍ വന്നത്. അക്കൗണ്ട് നമ്പര്‍ പറഞ്ഞിട്ട് ഇത് നിങ്ങളുടെ പേരിലുള്ളതല്ലേ എന്നായിരുന്നു ആദ്യത്തെ ചോദ്യം.

അക്കൗണ്ട് നമ്പര്‍ കേട്ടതോടെ ബാങ്കില്‍ നിന്നാണെന്ന് കരുതി ഇവര്‍ അതേയെന്ന് പറയുകയും ചെയ്തു.  ചില വിവരങ്ങള്‍ അറിയാനുണ്ടെന്ന വ്യാജേന 10 മിനുട്ടിലധികം ഫോണ്‍ കട്ട് ചെയ്യാതെ ഇവരെ ലൈനില്‍ തന്നെ നിര്‍ത്തി ഈ സമയത്തിനുള്ളിലാണ്, ഒരാളുടെ അക്കൗണ്ടിലുണ്ടായിരുന്ന 38,000 റിയാലും മറ്റ് രണ്ട് പേരുടെ അക്കൗണ്ടുകളില്‍ നിന്ന് 40,000 റിയാല്‍ വീതവും തട്ടിപ്പുകാര്‍ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയത്.

നിമിഷങ്ങള്‍ക്കകം തന്നെ ആ അക്കൗണ്ടില്‍ നിന്ന് മറ്റൊരു രാജ്യത്തുള്ള അക്കൗണ്ടിലേക്ക് പണം മാറ്റുകയും ചെയ്തു. നഴ്‌സുമാര്‍ പൊലീസിലും ബാങ്കിലും നല്‍കിയ പരാതിയില്‍ അന്വേഷണം തുടരുകയാണ്. പ്രാദേശിക ബാങ്കുകളിലേക്കാണ് മാറ്റിയിരുന്നെങ്കില്‍ പണം കണ്ടെത്തി തിരികെയെത്തിക്കാന്‍ കഴിയുമായിരുന്നുവെന്നും വിദേശത്തേക്ക് മാറ്റിയതിനാല്‍ ആ സാധ്യതയില്ലാതായെന്നുമാണ് ബാങ്ക് അധികൃതരുടെ വിശദീകരണം.

ഓണ്‍ലൈന്‍ പര്‍ച്ചേസ് നടത്തുമ്പോള്‍ കൊടുക്കുന്ന അക്കൗണ്ട് വിവരങ്ങളാണ് ഇത്തരം തട്ടിപ്പു സംഘങ്ങള്‍ തട്ടിപ്പിനായി ഉപയോഗിക്കുന്നത്. ബാങ്കുകളില്‍ നിന്ന് ഒരു കാരണവശാലും ഇടപാടുകാരുടെ അക്കൗണ്ട് വിവരങ്ങള്‍ ഫോണിലൂടെ കൈകാര്യം ചെയ്യില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. അതേസമയംസ ഈ സംഭവത്തില്‍ ഒ.ടി.പി നമ്പര്‍ ഫോണിലെത്തിയത് ചോദിക്കുകയോ കൈമാറുകയോ ചെയ്തിട്ടില്ല.

എന്നാല്‍ ഫോണ്‍ കട്ട് ചെയ്യാതെ കിട്ടിയ 10 മിനുട്ട് സമയത്തിനുള്ളില്‍ അതിലെത്തിയ ഒ.ടി.പി നമ്പര്‍ തട്ടിപ്പുകാര്‍ മറ്റേതോ മാര്‍ഗത്തിലുടെ കൈക്കലാക്കിയെന്നാണ് സംശയിക്കുന്നത്. അതിന് എന്തെങ്കിലും സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ടാവണമെന്നും അധികൃതര്‍ പറയുന്നു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH



Top