News Desk

2021-06-03 10:16:02 pm IST
കൊച്ചി: തിരുവാണിയൂരില്‍ പാറമടയില്‍ അമ്മ കെട്ടിത്താഴ്ത്തി കൊന്ന നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. കല്ലില്‍കെട്ടിയാണ് കുട്ടിയെ പാറമടയില്‍ താഴ്ത്തിയത്. തുണിയില്‍ പൊതിഞ്ഞ നിലയില്‍ യുവതിയുടെ വീടിന്റെ നൂറ് മീറ്റര്‍ അകലെയുള്ള പാറമടയില്‍ നിന്നാണ്  മൃതദേഹം കണ്ടെത്തിയത്.  

രക്തസ്രാവത്തെ തുടര്‍ന്ന് യുവതിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പ്രസവത്തെ തുടര്‍ന്നുള്ള രക്തസ്രവം അവസാനിക്കാതിരുന്നതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ വച്ച് ഡോക്ടര്‍മാര്‍ ചോദ്യം ചെയ്തപ്പോള്‍ ആണ് താന്‍ പ്രസവിച്ചെന്നും കുഞ്ഞിനെ വീടിന് അടുത്തുള്ള പാറമടയില്‍ കെട്ടിതാഴ്ത്തിയെന്നും അവര്‍ പറഞ്ഞത്. ചൊവ്വാഴ്ചയാണ് യുവതി പ്രസവിച്ചത്. 

ഇതോടെ ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുഞ്ഞിനെ പാറമടയില്‍ കല്ലിട്ട് കെട്ടിതാഴ്ത്തി എന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പാറമടയിലെത്തി പരിശോധന ആരംഭിക്കുകയായിരുന്നു. നാല്‍പ്പത് വയസുള്ള ഈ സ്ത്രീക്ക് നാല് മക്കളുണ്ട്. മക്കളില്‍ മൂത്തയാള്‍ക്ക് 24 വയസുണ്ട്. ഗര്‍ഭിണിയായിരുന്നുവെന്ന വിവരം മറ്റാര്‍ക്കും അറിയില്ലായിരുന്നുവെന്നാണ് സൂചന. 

കൃത്യം ചെയ്യാന്‍ ഇവരുടെ ഭര്‍ത്താവ് സഹായിച്ചോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. നിലവില്‍ യുവതി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി ചികിത്സയിലാണ്. യുവതിയുടെ ആരോഗ്യ നില മെച്ചപ്പെട്ടതിന് ശേഷം പൊലീസ് ചോദ്യം ചെയ്യും.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top