News Desk

2021-09-15 04:46:50 pm IST
ദുബൈ: വെജിറ്റേറിയന്‍ ഭക്ഷണ പ്രേമികളെ ആകര്‍ഷിച്ച് ദുബൈ. സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ക്കും ചിക്കന്‍ കഴിക്കാന്‍ ഗള്‍ഫില്‍ പുതിയ വിഭവം പരിചയപ്പെടുത്തുകയാണ് സിങ്കപ്പൂരിലെ ഒരു സ്ഥാപനം. ലോകത്തിന്റെ കൂടുതല്‍ ഭാഗങ്ങളിലേക്ക് ഈ വിഭവം എത്തിക്കാനുള്ള തയാറെടുപ്പിലാണ് നിര്‍മാതാക്കള്‍.

ചെടികളില്‍ നിന്നും ഉല്‍പാദിപ്പിച്ച കോഴിയിറച്ചിയാണ് ഇവര്‍ പരിചയപ്പെടുത്തുന്നത്. സൗജന്യമായി ഇതിന്റെ രുചി അറിയാനും സൗകര്യമുണ്ട്. ദുബൈയില്‍ ഈ മാസം 16 മുതല്‍ 18 വരെ ദിവസവും നൂറു പേര്‍ക്ക് വെജിറ്റേറിയന്‍ ചിക്കന്‍ കൊണ്ട് നിര്‍മ്മിച്ച ബര്‍ഗര്‍ സൗജന്യമായി വിതരണം ചെയ്യും.

കൂടാതെ ഈമാസം 16 മുതല്‍ യു.എ.ഇയിലെ ദുബൈ, അബൂദബി, ഫുജൈറ എന്നിവിടങ്ങളിലെ എട്ട് റെസ്റ്റോറന്റുകളുടെ ഇരുപതോളം ശാഖകളില്‍ ടിന്‍ഡില്‍ ചിക്കന്‍ കൊണ്ട് നിര്‍മിച്ച വിഭവങ്ങള്‍ വിളമ്പി തുടങ്ങും. 

ടിന്‍ഡില്‍ എന്നാണ് ഈ വെജിറ്റേറിയന്‍ കോഴിയിറച്ചിയുടെ പേര്. കോഴിയിറച്ചി എന്നൊക്കെ വിളിക്കുമെങ്കിലും ഇതിന് കോഴിയുമായോ മറ്റേതെങ്കിലും പക്ഷികളുമായോ  ബന്ധമില്ല. 

പൂര്‍ണമായും ചെടികളില്‍ വിളയുന്ന വസ്തുക്കള്‍ ഉപയോഗിച്ചാണ് ചിക്കന്റെ രുചിയുള്ള ഈ വിഭവത്തിന്റെ നിര്‍മാണമെന്ന് നെക്സ്റ്റ് ജെന്‍ ഫുഡ് കമ്പനിയുടെ സ്ഥാപകരില്‍ ഒരാളും സി.ഇ.ഒയുമായ ആന്‍ഡ്രേ മെനസിസ് പറയുന്നു.

ദുബൈ ജുമൈറ ബീച്ച് ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് ടിന്‍ഡില്‍ എന്ന വെജിറ്റേറിയന്‍ കോഴിയിറച്ചി ദുബൈയില്‍ പുറത്തിറക്കിയത്. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഈ വെജിറ്റേറിയന്‍ കോഴിയിറച്ചികൊണ്ട് പാകം ചെയ്ത വിഭവങ്ങള്‍ പരീക്ഷിക്കാനും അവസരമൊരുക്കിയിരുന്നു.

വെജിറ്റേറിയന്‍ കോഴിയിറച്ചിയിലൂടെ ചിക്കന്‍ വിഭവങ്ങളുടെ രൂപത്തിലും ഭാവത്തിലും രുചികളിലും നിരവധി വിഭവങ്ങളൊരുക്കാന്‍ കഴിയുമെന്നാണ് വിദഗ്ധരായ ഷെഫുമാര്‍ പറയുന്നത്.

ബുര്‍ജ് ഖലീഫയിലെ അറ്റ്‌മോസ്ഫിയനര്‍, അക്കിറ ബാക്ക് ദുബൈ, ഡി ഐ എഫ്‌സിയിലെ ബിബി സോഷ്യല്‍ ഡൈനിങ്ങ്, ഡി ഐ എഫ് സിയിലെയും ജുമൈറ പാര്‍ക്കിലെയും ബൈറ്റ് മീ ബര്‍ഗര്‍, ഗെറ്റ് പ്ലക്ക്ഡ് റെസ്റ്റോറന്റുകള്‍, ജുമൈറ ബീച്ച് ഹോട്ടലിലെ ഫിക്ക, ദുബൈ മറീനയിലെ സീറോ ഗ്രാവിറ്റി, ദുബൈയിലെയും അബൂദബിയിലെയും ലാ ബ്രിയോഷേ, ഫുജൈറ അല്‍ അഖ ബീച്ചിലെ ലേ മേറിഡിയന്‍ എന്നിവിടങ്ങളിലാണ് വിഭവങ്ങള്‍ വിളമ്പി തുടങ്ങുക.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top