News Desk

2021-03-10 10:48:03 pm IST
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രിയായി തിരാത്ത് സിംഗ് റാവത്ത് അധികാരത്തിലേറും. ത്രിവേന്ദ്ര സിംഗ് റാവത്ത് മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചതിനെ തുടര്‍ന്നാണ് തിരാത്ത് സംസ്ഥാനത്തിന്റെ ഭരണത്തലവനായി എത്തുന്നത്. 

പൗലി മണ്ഡലത്തില്‍ നിന്നുളള ലോക്സഭാംഗമാണ് തിരാത്ത് സിംഗ് റാവത്ത്. 2013-15 കാലത്ത് തിരാത്ത് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായിരുന്നു. ലോക്സഭാംഗം രമേശ് പോഖ്റിയാല്‍, ഉത്തരാഖണ്ഡ് മന്ത്രിസഭാംഗം ധന്‍ സിംഗ് റാവത്ത് എന്നീ മുതിര്‍ന്ന നേതാക്കളെ പിന്തള്ളിയാണ് തിരാത്തിന്റെ പേര് ബി.ജെ.പി നേതൃത്വം മുന്നോട്ടു വെച്ചത്. 

ഉത്തരാഖണ്ഡിലെ ജനപ്രിയനായ നേതാവാണ് തിരാത്ത് സിങ് റാവത്ത്. പൗലി മണ്ഡലത്തില്‍ നിന്നും 2019-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 3.50 ലക്ഷം വോട്ടിന്റെ വമ്പിച്ച ഭൂരിപക്ഷത്തിലാണ് തിരാത്ത് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മുഖ്യമന്ത്രിയാകുന്നതോടെ അദ്ദേഹം എം.പി സ്ഥാനം രാജിവയ്ക്കും.

അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് ഉത്തരാഖണ്ഡിലെ നിയമസഭാ തിരഞ്ഞെടുപ്പ്. പതിനൊന്ന് മാസത്തിനകം വരുന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിലനിര്‍ത്തുകയെന്ന ഭാരിച്ച ഉത്തരവാദിത്വമാണ് പാര്‍ട്ടി നേതൃത്വം തിരാത്തിന് നല്‍കിയിട്ടുള്ളത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top