2022-01-24 04:42:24 pm IST
കോപ്പന്‍ഹേഗന്‍: യൂറോപ്പില്‍ കൊവിഡ് വ്യാപനം മറ്റൊരു ഘട്ടത്തിലേയ്ക്ക് കടന്നെന്നും ഇത് മഹാമാരിയുടെ അവസാനത്തിലേയ്ക്ക് നയിച്ചേക്കുമെന്നും ലോകാരോഗ്യ സംഘടന. യൂറോപ്പ് ഒരു തരത്തില്‍ മഹാമാരിയുടെ അവസാനഘട്ടത്തിലേയ്ക്ക് കടക്കുകയാണെന്നു നമുക്ക് വിശ്വസിക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് മേഖലാ ഡയറക്ടര്‍ ഹാന്‍സ് ക്ലൂജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

മാര്‍ച്ച് മാസത്തോടെ യൂറോപ്പിലെ 60 ശതമാനം ജനങ്ങളെയും കൊവിഡ് ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടെ രോഗികളുടെ എണ്ണം കുത്തനെ ഇടിയുമെന്നും അദ്ദേഹം പറഞ്ഞു. 'ഏതാനും ആഴ്ചകള്‍ക്കോ മാസങ്ങള്‍ക്കോ ശേഷം ആഗോളസമൂഹം കൊവഡിനെതിരെ ആര്‍ജിത പ്രതിരോധശേഷി നേടും. വാക്‌സിനിലൂടെയോ ആളുകള്‍ക്കു രോഗം ബാധിച്ചോ പ്രതിരോധശേഷിയുണ്ടാകും. കൂടാതെ കൊവിഡ് തരംഗങ്ങളുടെ ദൈര്‍ഘ്യവും കുറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

രോഗബാധ ഉടന്‍ അവാസാനിക്കുമെന്നും ഇനി ഈ വര്‍ഷം അവസാനത്തോടെ മാത്രമായിരിക്കും തിരിച്ചു വരവിന് സാധ്യതയുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ കൊവിഡ് തിരിച്ചുവരണമെന്ന് നിര്‍ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍പ് യു.എസ് പകര്‍ച്ചവ്യാധി വിദഗ്ധനായ ആന്റണി ഫൗസിയും ഞായറാഴ്ച ഇതേ പ്രവചനം നടത്തിയിരുന്നു. യു.എസില്‍ പലയിടത്തും കൊവിഡ് കേസുകള്‍ കുത്തനെ കുറയുന്നത് ശുഭലക്ഷണമാണെന്നായിരുന്നു ആന്റണി ഫൗസിയുടെ പ്രവചനം. ഇക്കാര്യത്തില്‍ അമിത ആത്മവിശ്വാസം വേണ്ടെന്നും എന്നാല്‍ രാജ്യത്തെ സ്ഥിതിയില്‍ വലിയ മാറ്റമുണ്ടാകുമെന്നും ആന്തണി ഫൗസി വ്യക്തമാക്കി.

ആഫ്രിക്ക അടക്കമുള്ള പ്രദേശങ്ങളിലും കേസുകള്‍ കുത്തനെ കുറയുകയാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. ഡെല്‍റ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോണ്‍ വകഭേദത്തിന് വ്യാപനശേഷി കൂടുതലാണെങ്കിലും രോഗതീവ്രത കുറവായതിനാല്‍ ഫ്‌ളൂ പോലെ ഒരു സാധാരണ രോഗമായി കൊവിഡ് മാറുമെന്ന പ്രതീക്ഷ ശക്തിപ്പെട്ടിട്ടുണ്ട്. ജനജീവിതത്തെ ബാധിക്കാത്തതു പോലെ വൈറസ് ഒപ്പമുള്ള എന്‍ഡമിക് അവസ്ഥയിലേയ്ക്ക് കൊവിഡ് മാറുമെന്നാണ് പ്രതീക്ഷ. അതേസമയം, നിലവില്‍ ഈ അവസ്ഥ എത്തിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം, കൊവിഡ് 19 എന്‍ഡമിക് ആയി മാറുമെന്നാണ് വിശ്വാസമെങ്കിലും ജാഗ്രത തുടരണമെന്നും അദ്ദേഹം പറഞ്ഞു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top