News Desk

2021-04-01 09:03:12 pm IST
തിരുവനന്തപുരം: ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചു കൊണ്ടുള്ള ആര്‍.എസ്.എസ് പ്രവര്‍ത്തനങ്ങള്‍ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിലക്കേര്‍പ്പെടുത്തി. ഇതു സംബന്ധിച്ച സര്‍ക്കുലറും പുറത്തിറക്കി. 

ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ഇത്തരം ശാഖാ പ്രവര്‍ത്തനം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡിന്റെ നടപടി. തിരുവിതാംകൂര്‍ ദേവസ്വത്തിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ ശാഖ അടക്കമുള്ള ആര്‍.എസ്.എസ് പ്രവര്‍ത്തനങ്ങള്‍ക്കാണ് വിലക്ക്.

1,240ഓളം ക്ഷേത്രങ്ങളാണ് തിരുവിതാംകൂര്‍ ദേവസ്വത്തിന് കീഴിലുള്ളത്. ഇവിടങ്ങളിലെ ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനത്തിന് വിലക്കേര്‍പ്പെടുത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ആണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. 

ക്ഷേത്ര അങ്കണങ്ങളില്‍ ആര്‍.എസ്.എസ് ശാഖകളുടെ മാസ് ഡ്രില്ല് നടത്താന്‍ അനുവദിക്കരുതെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ആയുധം ഉപയോഗിച്ചോ അല്ലാതെയോ ഉള്ള കായിക പരിശീലനത്തിനും വിലക്കേര്‍പ്പെടുത്തിയാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

ശാഖാപ്രവര്‍ത്തനമോ മാസ് ഡ്രില്ലോ നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ അത് തടയുന്നതിനുള്ള നടപടികള്‍ ക്ഷേത്രം ജീവനക്കാര്‍ സ്വീകരിക്കണമെന്നും, സംഭവം കമ്മീഷണറുടെ ഓഫീസില്‍ അറിയിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. ഇക്കാര്യത്തില്‍ ജീവനക്കാര്‍ വീഴ്ച വരുത്തുന്ന പക്ഷം വകുപ്പുതല നടപടികള്‍ സ്വീകരിക്കും.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top