News Desk

2021-05-22 12:27:48 pm IST
ദോഹ: ഖത്തറിന്റെ യാത്രാ നിയന്ത്രണങ്ങള്‍ പാലിച്ച് ഏതൊരാള്‍ക്കും ജി.സി.സി രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് ഏത് സമയത്തും പ്രവേശിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം അധികൃതര്‍ അറിയിച്ചു. ജി.സി.സി പൗരന്‍മാര്‍, ജി.സി.സി രാജ്യങ്ങളിലെ താമസക്കാര്‍ എന്നിവര്‍ക്ക് ഖത്തറിലേക്ക് വരുന്നതിന് 72 മണിക്കൂര്‍ മുമ്പുള്ള കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. അതത് രാജ്യങ്ങളിലെ അംഗീകൃത ലബോറട്ടറികളില്‍ നിന്നുള്ള പരിശോധനഫലം ആയിരിക്കണം ഇത്. മൊബൈല്‍ ഫോണില്‍ ഇഹ്തിറാസ് ആപ്പ് ഉണ്ടാകണം. ഖത്തരി സിം കാര്‍ഡും മൊബൈലില്‍ വേണം.

ജി.സി.സി രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ ആണെങ്കില്‍ അവര്‍ക്ക് ഖത്തറില്‍ ക്വാറന്റൈന്‍ ആവശ്യമില്ല. അവസാന ഡോസ് സ്വീകരിച്ച് കഴിഞ്ഞ് 14 ദിവസത്തിന് ശേഷം ഖത്തറിലേക്ക് വരുന്നവര്‍ക്കാണിത്. ഹമദ് വിമാനത്താവളം വഴിയോ അബൂസംറ അതിര്‍ത്തി വഴിയോ എത്തുന്നവര്‍ക്കും ഇത് ബാധകമാണ്. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇവര്‍ നിര്‍ബന്ധമായും കാണിക്കണം. 72 മണിക്കൂര്‍ മുമ്പുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്.

ഇവര്‍ വിമാനത്താവളത്തിലോ അബൂസംറ അതിര്‍ത്തിയിലോ പി.സി.ആര്‍. ടെസ്റ്റിന് വിധേയരാകണം. ബാങ്ക് കാര്‍ഡ് ഉപയോഗിച്ച് ഇതിന് 300 റിയാല്‍ ഫീസ് അടക്കണം. അല്ലെങ്കില്‍ ഓണ്‍ലൈന്‍ ആയും ഇതിനുള്ള പണം അടക്കാം. ഫൈസര്‍, മൊഡേണ, ആസ്ട്രസെനക, കോവിഷീല്‍ഡ് ( ആസ്ട്രസെനക), ജാന്‍സന്‍/ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍, സിനോഫാം എന്നീ വാക്‌സിനുകള്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാണ് ക്വാറന്റീനില്‍ ഇളവ് അനുവദിക്കൂ. അതേസമയം, ഇന്ത്യ അടക്കമുള്ള ആറ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ജി.സി.സി രാജ്യങ്ങള്‍ വഴി വരുന്നവര്‍ക്ക് ഖത്തറില്‍ ക്വാറന്റൈന്‍ ഇളവ് ലഭ്യമാകില്ല.

അവര്‍ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയേണ്ടിവരും. ഇവരും വാക്‌സിന്‍ എടുക്കാത്തവരും ഖത്തറില്‍ എത്തിയാലുടന്‍ 10 ദിവസത്തെ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈനില്‍ പ്രവേശിക്കണം. ഡിസ്‌കവര്‍ ഖത്തറിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി ബുക്ക് ചെയ്തതായിരിക്കണം ഇത്.

യാത്ര പുറപ്പെടുന്നതിന് മുമ്പ് തന്നെ നിബന്ധനകള്‍ പാലിച്ച് ക്വാറന്റൈന്‍ ഹോട്ടല്‍ ബുക്ക് ചെയ്തിരിക്കണം. ഖത്തറില്‍ എത്തുമ്പോള്‍ ഇഹ്തിറാസ് ആപ്പിന്റെ സ്റ്റാറ്റസ് മഞ്ഞ നിറം ആയിരിക്കുകയും വേണം. അതേസമയം, വാക്സിന്‍ എടുത്ത മാതാപിതാക്കള്‍ക്കൊപ്പം വരുന്ന 18ന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഏഴ് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ വേണം. മാതാപിതാക്കളില്‍ ഒരാള്‍ കുട്ടിയോടൊപ്പം ഹോട്ടലില്‍ കഴിയുകയും വേണം. കൂടെ നില്‍ക്കുന്ന രക്ഷിതാവിന്റെ ഇഹ്തിറാസ് സ്റ്റാറ്റസ് അതോടെ ക്വാറന്റൈനില്‍ ആണെന്ന് സൂചിപ്പിക്കുന്ന മഞ്ഞ നിറത്തിലേക്ക് മാറും. അതുകൊണ്ടു തന്നെ ക്വാറന്റൈന്‍ കാലയളവ് മുഴുവന്‍ ഒരേ രക്ഷിതാവായിരിക്കണം കുട്ടിയോടൊപ്പം കഴിയേണ്ടത്. ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴിയും അബൂ സംറ കര അതിര്‍ത്തി വഴിയും രാജ്യത്ത് പ്രവേശിക്കുന്നവര്‍ക്കെല്ലാം ഈ വ്യവസ്ഥകള്‍ ബാധകമാണ്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top