News Desk

2021-02-14 10:12:49 am IST

ദോഹ: ഖത്തറില്‍ പുതിയ ക്വാറന്റൈന്‍ വ്യവസ്ഥകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ഇന്ത്യ ഉള്‍പ്പെടെ കൊവിഡ് വ്യാപനത്തോത് കൂടിയ ഗ്രീന്‍ പട്ടികയില്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നു വരുന്നവരില്‍ ആര്‍ക്കും ഹോട്ടല്‍ ക്വാറന്റൈന്‍ വ്യവസ്ഥയില്‍ ഇളവ് ലഭിക്കില്ല. 

ഖത്തറിലേക്ക് വരുന്നവരില്‍ ചില വിഭാഗങ്ങള്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ വേണ്ടെന്നും പകരം വീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതിയെന്നും കാണിച്ച് നേരത്തേ ഇറക്കിയ ഉത്തരവും അധികൃതര്‍ റദ്ദാക്കിയിട്ടുണ്ട്. ഖത്തറിലെയും മറ്റു ലോക രാജ്യങ്ങളിലെയും കൊവിഡ് വൈറസ് വ്യാപനം കണക്കിലെടുത്താണ് പുതിയ തീരുമാനം ഉണ്ടായിരിക്കുന്നത്. 

ഖത്തറിന്റെ പുതുക്കിയ ഹരിത പട്ടികയില്‍ 18 രാജ്യങ്ങളാണുള്ളത്. നേരത്തേ ഇത് 17 രാജ്യങ്ങളായിരുന്നു. ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ് തുടങ്ങി ഖത്തറില്‍ ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള രാജ്യക്കാര്‍ നിലവില്‍ ഈ പട്ടികയില്‍ ഇല്ല. എന്നാല്‍, ചൈന, ജപ്പാന്‍, സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയ 11 ഏഷ്യന്‍ രാജ്യക്കാര്‍ ഹരിത പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 

അതേസമയം, ഗ്രീന്‍ പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് നിലവിലുള്ള ക്വാറന്റൈന്‍ വ്യവസ്ഥകള്‍ തുടരുമെന്നും ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 


65 വയസും അതിന് മുകളിലുള്ളവരും, അവയവ മാറ്റം, മജ്ജ മാറ്റിവയ്ക്കല്‍ എന്നിവയ്ക്ക് വിധേയരായവര്‍, ഇമ്യൂണോ സപ്രസീവ് തെറാപ്പി ആവശ്യമുള്ള രോഗികള്‍, അപസ്മാരം, വൃക്കരോഗം, കരള്‍ രോഗം, ഹൃദ്രോഗം, ആസ്തമ, കാന്‍സര്‍ തുടങ്ങിയ രോഗങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, അഞ്ച് വയസ്സ് വരെ പ്രായമുള്ള കുട്ടികളെ പരിപാലിക്കുന്ന മുലകൊടുക്കുന്ന അമ്മമാര്‍, കാല്‍ മുറിച്ചു മാറ്റല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍, പരാശ്രയം ആവശ്യമുള്ള ഭിന്നശേഷിക്കാര്‍, ഭിന്നശേഷിക്കാരായ കുട്ടികളും അവരുടെ അമ്മമാരും, 10 ദിവസത്തിനിടയില്‍ മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍, ചികില്‍സയില്‍ കഴിയുന്നവരും അടച്ചിട്ട മുറിയില്‍ താമസിപ്പിച്ചാല്‍ പ്രശ്നമുണ്ടാവാന്‍ സാധ്യതയുള്ളവരുമായ മാനസികാരോഗ്യ പ്രശ്നമുള്ളവര്‍, പ്രമേഹ സംബന്ധമായ സങ്കീര്‍ണതകളുള്ളവര്‍, മുതിര്‍ന്നവര്‍ കൂടെയില്ലാത്ത 18 വയസ്സിന് താഴെ പ്രായമുള്ളവര്‍ എന്നീ വിഭാഗങ്ങളെയായിരുന്നു ജനുവരി 24 മുതല്‍ ഹോട്ടല്‍ ക്വാറന്റൈനില്‍ നിന്ന് ഒഴിവാക്കിയിരുന്നത്. എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം ഇവര്‍ക്കും ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top