ദോഹ: ഗള്‍ഫ്, മറ്റ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെത്തുന്നവര്‍ക്ക് കേന്ദ്രം ഏര്‍പ്പെടുത്തിയ പുതിയ കൊവിഡ് ടെസ്റ്റ് മാനദണ്ഡങ്ങളില്‍ കുട്ടികള്‍ക്ക് പോലും യാതൊരു ഇളവും ലഭിക്കുന്നില്ലെന്ന് പരാതി. നിരവധി പ്രവാസികളാണ് ഇതുമൂലം പ്രതിസന്ധിയിലായത്.
വിദേശത്തു നിന്നും കുടുംബ സമേതം നാട്ടിലെത്തുന്നവര്‍ക്ക് കേന്ദ്രത്തിന്റെ തീരുമാനം വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. അടിയന്തിരമായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വിഷയത്തില്‍ ഇടപെടണമെന്ന് നിരവധി പ്രവാസി സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഗള്‍ഫില്‍ നിന്നും 72 മണിക്കൂറിനിടയില്‍ എടുക്കുന്ന കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൂടാതെ ഇന്ത്യയിലെത്തുമ്പോള്‍ അതത് വിമാനത്താവളങ്ങളില്‍ നിന്നും മറ്റൊരു കൊവിഡ് പരിശോധനക്കും വിധേയരാകണം. ഇതിനായുള്ള തുകയും യാത്രക്കാര്‍ കൈയില്‍ കരുതണം.
നാട്ടില്‍ നടത്തുന്ന പരിശോധന ഫലം നെഗറ്റീവ് ആണെങ്കില്‍ വീടുകളില്‍ 14 ദിവസം നിര്‍ബന്ധിത നിരീക്ഷണത്തിലും കഴിയേണ്ടതായുണ്ട്. കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് നിയമം ബാധകമാണ്.
ഇതുമൂലം പ്രവാസികള്‍ക്ക് വലിയ ഇരുട്ടടിയാണ് ലഭിച്ചിരിക്കുന്നത്. വിദേശത്തു നിന്നും ജോലി നഷ്ടപ്പെട്ട് മടങ്ങിയെത്തുന്നവരും രോഗികളും വലിയ ദുരിതത്തിലാണ്. ഒമാന്‍ തുടങ്ങിയ മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ സ്വകാര്യ ആശുപത്രികളില്‍ നടത്തുന്ന കൊവിഡ് പരിശോധനക്ക് ഉയര്‍ന്ന തുകയാണ് നല്‍കേണ്ടി വരുന്നത്.
ഇതിനു പുറമേയാണ് പുതിയ നിയമം മൂലം ഇന്ത്യയിലെ വിമാനത്താവളങ്ങളിലെത്തുമ്പോള്‍ വീണ്ടും പണം കൊടുത്ത് കൊവിഡ് ടെസ്റ്റ് നടത്തേണ്ടി വരുന്നത്.
നിലവില്‍ കൊച്ചി വിമാനത്താവളത്തില്‍ 1700 രൂപയാണ് ഒരാള്‍ക്ക് കൊവിഡ് ടെസ്റ്റ് നടത്താന്‍ നല്‍കേണ്ടി വരുന്നത്. ഇന്ത്യയിലെ തന്നെ പല വിമാനത്താവളങ്ങളിലും കൊവിഡ് പരിശോധനയ്ക്ക് പല തുകയാണ് യാത്രക്കാര്‍ നല്‍കേണ്ടത്.
ഇന്നലെ മുതലാണ് പുതിയ നിയമങ്ങള്‍ പ്രാബല്യത്തിലായത്. ഇത് പ്രകാരം യാത്രക്കാരുടെ കൈവശം കൊവിഡ് നെഗറ്റീവ് പി.സി.ആര് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. യാത്രക്ക് 72 മണിക്കൂറിനുള്ളില്‍ നടത്തിയ ടെസ്റ്റ് റിപ്പോര്‍ട്ടാണ് വേണ്ടത്.
കൂടാതെ എല്ലാ അന്താരാഷ്ട്ര യാത്രക്കാരും www.newdelhiairport.in/airsuvidha/apho-registration എന്ന ലിങ്ക് സന്ദര്‍ശിച്ച് 'എയര്‍ സുവിധ' സത്യവാങ്മൂലം ഓണ്‍ലൈനായി സമര്‍പ്പിക്കണം. സ്വന്തം പാസ്പോര്‍ട്ടിന്റെ ആദ്യ പേജും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഇതില്‍ അപ്ലോഡ് ചെയ്യണം.
സത്യവാങ്മൂലത്തിന്റെയും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന്റെയും രണ്ട് പകര്‍പ്പുകള്‍ വീതം എടുത്ത് കൈയ്യില്‍ സൂക്ഷിക്കണം. ഇത് ഗള്‍ഫിലെ വിവിധ വിമാനത്താവളങ്ങളില്‍ ചെക്ക് ഇന്‍ സമയത്ത് കാണിക്കേണ്ടി വരും.
എയര്‍ സുവിധ ഫോറം പൂരിപ്പിക്കാത്തവരെ വിമാനത്തില്‍ കയറ്റില്ല. ഗള്‍ഫ് മേഖലയിലെ യാത്രക്കാര്‍ കഴിഞ്ഞ 14 ദിവസത്തെ യാത്രാ വിവരങ്ങളും ഓണ്‍ലൈനില്‍ നല്‍കണം. ഇത്രയൊക്കെ കടമ്പകള്‍ കടന്നെങ്കില്‍ മാത്രമേ പ്രവാസികള്‍ക്ക് നാട്ടിലെത്താന്‍ സാധിക്കൂ.
നിലവില്‍ മരണ സംബന്ധമായ ആവശ്യത്തിന് വേണ്ടിയുള്ള അടിയന്തിര യാത്രക്ക് മാത്രമാണ് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്‍ ഇളവ് നല്‍കുന്നത്.
ഈ ആനുകൂല്യത്തിന് പരിഗണിക്കപ്പെടാന്‍ യാത്രക്ക് 72 മണിക്കൂര്‍ മുമ്പ് www.newdelhiairport.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കണം. പ്രത്യക്ഷത്തില്‍ ആരോഗ്യ പ്രശ്നങ്ങളില്ലാത്തവര്‍ക്ക് തെര്‍മല്‍ സ്ക്രീനിങിന് ശേഷം മാത്രമേ തുടര്‍യാത്രക്ക് അനുമതി നല്‍കുകയുള്ളു. എന്നാല്‍ കേന്ദ്രത്തിന്റെ പുതിയ തീരുമാനത്തില്‍ നിരവധി പ്രവാസികളാണ് അതൃപ്തി പ്രകടിപ്പിച്ചത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക