News Desk

2021-03-13 02:26:45 pm IST
തിരുവനന്തപുരം: പുതുപ്പള്ളിയിലെ ഉമ്മന്‍ചാണ്ടിയുടെ സ്ഥാനാര്‍ഥിത്വത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തെ ട്രോളി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹിം.

ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ സ്ഥാനാര്‍ഥിയായില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് പ്രഖ്യാപിച്ച് വീടിന് മുകളില്‍ ഒരു പ്രവര്‍ത്തകന്‍ കയറിയിരുന്നു. ഇതിനെ പരിഹസിച്ചാണ് അയ്യോ അച്ഛാ പോവല്ലേ...'എന്ന് പറഞ്ഞ് എ.എ റഹീം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജയറാം നായകനായി പുറത്തിറങ്ങിയ വധു ഡോക്ടറാണ് എന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ് വീടിന് മുകളിലിരിക്കുന്ന ചിത്രത്തോടൊപ്പമാണ് റഹീമിന്റെ പോസ്റ്റ്.

ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായതിനെ തുടര്‍ന്നാണ് പുതുപ്പള്ളിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ അദ്ദേഹത്തിനെ നേമത്തേക്ക് വിട്ട് കൊടുക്കില്ലെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ഒടുവില്‍ പുതുപ്പള്ളിയില്‍ താന്‍ തന്നെ മത്സരിക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞതിന് പിന്നാലെയാണ് പ്രതിഷേധങ്ങള്‍ക്ക് അയവ് വന്നത്.

സ്ത്രീകളുള്‍പ്പെടെയുള്ളവരാണ് വീടിന് മുന്നില്‍ പ്രതിഷേധിച്ചുകൊണ്ട് രംഗത്തെത്തിയത്. അദ്ദേഹത്തിന്റെ വാഹനം തടഞ്ഞുകൊണ്ടാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. അതേസമയം, പുതുപ്പള്ളിക്ക് പുറമെ നേമത്തും മത്സരിച്ചേക്കുമെന്ന സൂചനകളും അദ്ദേഹം നല്‍കുന്നുണ്ട്. രണ്ടിടത്ത് മത്സരിക്കുന്നത് സംബന്ധിച്ച് തീരുമാനം പറയാന്‍ സാധിക്കില്ലെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.

ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ നിന്ന് മാറുന്ന സാഹചര്യമില്ലെന്ന് മുന്‍ മന്ത്രി കെ.സി ജോസഫ് പറഞ്ഞു. ഉമ്മന്‍ചാണ്ടിയെ നേമത്തില്‍ തളച്ചിടരുത്. അദ്ദേഹം കുറച്ചു കൂടി ഫ്രീയാകണം. എല്ലാ മണ്ഡലത്തിലും അദ്ദേഹത്തിന്റെ സാന്നിധ്യം വേണം- ജോസഫ് കൂട്ടിച്ചേര്‍ത്തു.





കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top