News Desk

2021-09-14 07:08:38 pm IST

ന്യൂഡല്‍ഹി: കടബാധ്യത മൂലം പ്രവര്‍ത്തനം നിര്‍ത്തിവെച്ച ജെറ്റ് എയര്‍വെയ്‌സ് അടുത്ത വര്‍ഷമാദ്യം വിമാന സര്‍വീസ് പുനരാരംഭിക്കും. ഡല്‍ഹി-മുംബൈ റൂട്ടിലായിരിക്കും ആദ്യ സര്‍വീസ്. അടുത്ത വര്‍ഷം ആഗസ്റ്റോടെ അന്താരാഷ്ട്ര സര്‍വീസുകളും ആരംഭിക്കാനാണ് ശ്രമം. 

ഡല്‍ഹി ആയിരിക്കും കമ്പനിയുടെ ആസ്ഥാനം. മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നടക്കം സര്‍വീസ് നടത്തിയിരുന്ന ജെറ്റ് എയര്‍വെയ്‌സ് 2019 ഏപ്രിലിലാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്. യു.കെ ആസ്ഥാനമായ കാല്‍റോക്ക് ക്യാപിറ്റലും യു.എ.ഇ വ്യവസായി മുരാരി ലാല്‍ ജലാനും ചേര്‍ന്ന കണ്‍സോര്‍ഷ്യം ഈ വര്‍ഷമാദ്യം കമ്പനി ഏറ്റെടുത്തിരുന്നു.

കണ്‍സോര്‍ഷ്യം സമര്‍പ്പിച്ച പുനരുജ്ജീവന പദ്ധതിക്ക് ദേശീയ കമ്പനി നിയമ ട്രൈബ്യൂണല്‍ (എന്‍.സി.എല്‍.ടി) കഴിഞ്ഞ ജൂണില്‍ അംഗീകാരം നല്‍കിയതോടെയാണ് സര്‍വീസ് പുനരാരംഭിക്കാന്‍ വഴിയൊരുങ്ങിയത്. 

മൂന്നു വര്‍ഷത്തിനകം 50 വിമാനങ്ങളും അഞ്ചു വര്‍ഷത്തിനുള്ളില്‍ 100 വിമാനങ്ങളും കമ്പനിയുടെ ഭാഗമാകുമെന്ന് മുരാരി ലാല്‍ ജലാന്‍ പറഞ്ഞു. രണ്ടു വര്‍ഷത്തിലധികം കാലം പ്രവര്‍ത്തനം നിര്‍ത്തിവച്ച വിമാന കമ്പനി സര്‍വീസ് പുനരാരംഭിക്കുന്നത് ഇന്ത്യന്‍ വ്യോമയാന ചരിത്രത്തില്‍ ആദ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top