News Desk

2021-05-09 04:16:58 pm IST

ഇസ്താംബൂള്‍: മസ്ജിദുല്‍ അഖ്‌സയില്‍ ഫലസ്തീനികള്‍ക്കു നേരെയുണ്ടായ പൊലീസ് ആക്രമണത്തില്‍ ഇസ്രായേലിനെതിരെ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ഇസ്രായേല്‍ ഭീകര രാജ്യമാണ്. അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്റെ അക്രമങ്ങള്‍ക്കെതിരെ ഫലപ്രദമായ നടപടികളുമായി മുന്നോട്ട് വരണമെന്നും ഇസ്താംബൂളിലെ പൊതുപരിപാടിയില്‍ പങ്കെടുക്കവെ ഉര്‍ദുഖാന്‍ ആവശ്യപ്പെട്ടു.

ഈ വിഷയത്തില്‍ മൗനം പാലിക്കുന്നവര്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവരാണ്. ക്രൂരരായ ഇസ്രായേല്‍ ഫലസ്തീന്‍ ജനതക്ക് മേല്‍ അക്രമം അഴിച്ചുവിടുകയാണ്. വിഷയത്തില്‍ അടിയന്തര നടപടികളുണ്ടാക്കണമെന്ന് യു.എന്നിനോടും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ ഓപറേഷനോടും തുര്‍ക്കി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉര്‍ദുഗാന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസവും മസ്ജിദുല്‍ അഖ്‌സയില്‍ ഫലസ്തീനികള്‍ക്കു നേരെ ഇസ്രായേല്‍ അതിക്രമമുണ്ടായി. റമദാനിലെ 27ാം രാത്രിയില്‍ പള്ളിയില്‍ തടിച്ചുകൂടിയവര്‍ക്കു നേരെയുണ്ടായ പൊലീസ് ആക്രമണങ്ങളില്‍ 90-ലേറെ പേര്‍ക്കാണ് പരിക്കേറ്റത്.

മസ്ജിദുല്‍ അഖ്‌സ സ്ഥിതി ചെയ്യുന്ന ജറൂസലം പഴയ പട്ടണം ഉപരോധിച്ച് പൊലീസ് ഒരുക്കിയ ബാരിക്കേഡുകള്‍ തകര്‍ത്ത പ്രതിഷേധക്കാര്‍ക്കു നേരെ ഇസ്രായേല്‍ സുരക്ഷാസേന ജലപീരങ്കിയും സ്റ്റണ്‍ ഗ്രനേഡുകളും പ്രയോഗിച്ചു. 

മസ്ജിദുല്‍ അഖ്‌സയില്‍ ഇരച്ചുകയറിയ ഇസ്രായേല്‍ സേന നടത്തിയ അതിക്രമങ്ങളില്‍ 200-ലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു. കിഴക്കന്‍ ജറൂസലം സമ്പൂര്‍ണമായി ജൂത കുടിയേറ്റ ഭൂമിയാക്കുന്നതിന്റെ ഭാഗമായി ഇവിടെയുള്ള നാട്ടുകാരായ ഫലസ്തീനി താമസക്കാരെ കുടിയിറക്കുന്നതിനെതിരെയാണ് പ്രക്ഷോഭം ശക്തമാക്കിയത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top