News Desk

2021-05-23 10:59:32 pm IST
തിരുവനന്തപുരം: ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റര്‍ക്കെതിരേയും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെയും ട്വീറ്റ് ചെയ്തതിന് കെ.എസ്.യുവിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തെന്ന് ആരോപണം. 

ദ്വീപിലെ ജനങ്ങളുടെ സമാധാന ജീവിതം തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെയും അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെയും നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു ട്വീറ്റ് ചെയ്തിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. ഇതിനെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്. 

ലക്ഷദ്വീപിലെ മുന്‍ അഡ്മിനിസ്‌ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മ്മ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടതോടെയാണ് കഴിഞ്ഞ ഡിസംബറില്‍ ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി പ്രഫുല്‍ പട്ടേലിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല ഏല്‍പ്പിക്കുന്നത്. ചുമതലയേറ്റത് മുതല്‍ പ്രഫുല്‍ പട്ടേല്‍ ഏകാധിപത്യഭരണം നടത്താനാണ് ശ്രമിച്ചിരുന്നത്. പദവി ഏറ്റെടുത്ത ശേഷമുള്ള അഡ്മിനിസ്‌ട്രേറ്ററുടെ ആദ്യ നിയമപരിഷ്‌കാരം ഗുണ്ടാ ആക്ട് നടപ്പിലാക്കിയതായിരുന്നു.

കുറ്റകൃത്യങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാറില്ലാത്ത ദ്വീപില്‍ ഗുണ്ടാ ആക്ട് പാസാക്കിയ നടപടി ജനാധിപത്യവിരുദ്ധമാണെന്നാണ് ദ്വീപ് നിവാസികള്‍ ആരോപിക്കുന്നത്. മാത്രമല്ല കൊവിഡ് പ്രോട്ടോകോളില്‍ ഇളവ് നല്‍കിയതോടെ ദ്വീപില്‍ കൊവിഡ് വ്യാപിക്കുകയാണ്. രാജ്യം മുഴുവന്‍ കൊവിഡില്‍ മുങ്ങിയപ്പോഴും ഒരു വര്‍ഷത്തോളം രോഗത്തെ കടലിനപ്പുറം നിര്‍ത്തിയ ലക്ഷദ്വീപിലെ ഇപ്പോഴത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 68 ശതമാനമാണ്.

കൊച്ചിയില്‍ ക്വാറന്റൈനില്‍ ഇരുന്നവര്‍ക്ക് മാത്രം ദ്വീപിലേക്ക് പ്രവേശനം നല്‍കി പാലിച്ച് പോന്ന നിയന്ത്രണങ്ങള്‍ക്കാണ് ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ഇളവുകളനുവദിച്ചത്. ലക്ഷദ്വീപിലെ ജനാധിപത്യ സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കുകയെന്ന ആവശ്യമുന്നയിച്ച് ലക്ഷദ്വീപ് സ്റ്റുഡന്‍സ് അസോസിയേഷന്റെ ഓണ്‍ലൈന്‍ പ്രതിഷേധ ക്യാംപയിന്‍ തുടരുകയാണ്.

അതേസമയം, ലക്ഷദ്വീപ് നിവാസികളില്‍ അമര്‍ഷവും പ്രതിഷേധവും സൃഷ്ടിക്കുന്ന നടപടികളാണ് അഡ്മിനിസ്‌ട്രേറ്ററുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നതെന്ന് അബ്ദുസമദ് സമദാനി എം.പി പറഞ്ഞു. കുറ്റകൃത്യം കുറവായ ദ്വീപുകളില്‍ ഗുണ്ടാ ആക്ട് നടപ്പാക്കാനുള്ള നീക്കം ജനങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് വ്യാപനത്തില്‍ വളരെ സുരക്ഷിതമായി നിലകൊണ്ട പ്രദേശങ്ങളില്‍ മുന്‍നിരയിലായിരുന്നു ലക്ഷദ്വീപ്. എന്നാല്‍ അവിടെ നടപ്പാക്കിയ പുതിയ ഭരണപരിഷ്‌കാരങ്ങള്‍ മഹാമാരിയുടെ വ്യാപനം ത്വരിതപ്പെടുത്തിയതിന്റെ ഉത്കണ്ഠയിലാണ് ജനങ്ങള്‍. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ ദ്വീപിലെ പോസിറ്റീവിറ്റി നിരക്ക് മുന്‍നിലയില്‍ നിന്ന് കുത്തനെ ഉയര്‍ന്നു.

മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ നിഷ്ഠയോടെ നടപ്പാക്കിയിരുന്ന ആറ് ദിവസത്തെ ക്വാറന്റൈന്‍ നിലനിന്നപ്പോള്‍ ഒരു വര്‍ഷത്തോളം കൊവിഡിനെ അകറ്റിനിര്‍ത്താന്‍ ജനങ്ങള്‍ക്ക് സാധിച്ചു. എന്നാല്‍ ആ അന്തരീക്ഷമാണ് ഇപ്പോള്‍ തകിടം മറിഞ്ഞിരിക്കുന്നതെന്നും ജനവികാരം മാനിച്ച് ഈ നടപടികള്‍ പിന്‍വലിക്കാനും അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കാനും നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Tags :
Lakshadweep
Top