News Desk

2021-05-27 04:14:23 pm IST
ന്യൂഡല്‍ഹി: പൊലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ തന്ത്രങ്ങളില്‍ ആശങ്ക അറിയിച്ച് ട്വിറ്റര്‍. അഭിപ്രായ സ്വാതന്ത്ര്യവും സ്വകാര്യതയും സംരക്ഷിക്കപ്പെടാന്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം നിലകൊള്ളും. ഐ.ടി മാര്‍നിര്‍ദേശങ്ങളില്‍ കേന്ദ്രവുമായി ചര്‍ച്ച തുടരുമെന്നും ട്വിറ്റര്‍ അറിയിച്ചു. കോണ്‍ഗ്രസ് ടൂള്‍കിറ്റ് കേസില്‍ ഡല്‍ഹി, ഗുരുഗ്രാം എന്നിവിടങ്ങളിലെ ഓഫിസുകള്‍ ഡല്‍ഹി പൊലീസ് റെയ്ഡ് ചെയ്ത സംഭവത്തിലാണ് ട്വിറ്റര്‍ ആശങ്ക അറിയിച്ചത്.

സമൂഹമാധ്യമങ്ങള്‍ നടപ്പാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ട നിയമങ്ങളില്‍ ആദ്യമായാണ് ട്വിറ്റര്‍ പ്രതികരിക്കുന്നത്. പരാതി പരിഹാരത്തിന് ഇന്ത്യയില്‍ ഓഫിസര്‍ വേണമെന്നും സംവിധാനം വേണമെന്നും നിയമപരമായ ഉത്തരവ് ഉണ്ടായാല്‍ 36 മണിക്കൂറിനുള്ളില്‍ ആ കണ്ടന്റ് നീക്കണം ചെയ്യണമെന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളെയും ഡിജിറ്റല്‍ മീഡിയയെയും നിയന്ത്രിക്കാന്‍ കേന്ദ്രം കൊണ്ടുവന്നത്. എന്നാല്‍ നടപടി ഭരണഘടനാ ലംഘനമാണെന്നും സ്വകാര്യതയെ മാനിക്കാത്തതാണെന്നും ചൂണ്ടിക്കാട്ടി വാട്‌സ് ആപ്പ് കേന്ദ്രത്തിനെതിരെ കോടതിയില്‍ പോയിട്ടുണ്ട്.

അതേസമയം, ഐ.ടി മാര്‍ഗനിര്‍ദേശങ്ങള്‍ സമൂഹ മാധ്യമങ്ങളിലെ സാധാരണ ഉപയോക്താക്കളുടെ സുരക്ഷയ്ക്കു വേണ്ടിയാണെന്ന് കേന്ദ്രം ആവര്‍ത്തിച്ചു. സ്വകാര്യതയ്ക്കുള്ള അവകാശത്തെ പൂര്‍ണമായി മാനിക്കുന്നുവെന്ന് കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.

മോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസിന്റെ ടൂള്‍കിറ്റ് എന്ന പേരില്‍ ബി.ജെ.പി നേതാക്കള്‍ പ്രചരിപ്പിച്ച ട്വീറ്റിന് മാനിപുലേറ്റഡ് മീഡിയ എന്ന ടാഗ് ട്വിറ്റര്‍ നല്‍കിയത് കേന്ദ്രത്തെ ചൊടിപ്പിച്ചിരുന്നു. ഈ ടൂള്‍കിറ്റ് വ്യാജമാണെന്നു കാട്ടി കോണ്‍ഗ്രസ് ഡല്‍ഹി പൊലീസിനു പരാതിയും നല്‍കി. ഇതിനു പിന്നാലെയാണ് ട്വിറ്ററിന്റെ ഓഫിസില്‍ ഡല്‍ഹി പൊലീസ് റെയ്ഡ് നടത്തിയത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top