News Desk

2021-02-07 10:20:23 am IST

റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ മേഖലയില്‍ ഇനിമുതല്‍ ആഴ്ചയില്‍ രണ്ടു ദിവസം അവധി.  മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ അന്തിമ അംഗീകാരം വരുന്നതോടെ നിയമം പ്രാബല്യത്തിലാകും. എട്ടു മണിക്കൂറില്‍ കൂടുതല്‍ ജോലിയെടുപ്പിക്കുന്നതും അവധി ദിനം ജോലിയെടുപ്പിക്കുന്നതും ഓവര്‍ടൈമായി കണക്കാക്കും.

മാര്‍ച്ചില്‍ വരാനിരിക്കുന്ന തൊഴില്‍ നിയമ ഭേദഗതികള്‍ കണക്കാക്കിയാണ് പുതിയ നിയമം സൗദി കൊണ്ടുവരുന്നത്. സ്വകാര്യ മേഖലയില്‍ ആഴ്ചയില്‍ രണ്ടു ദിവസം അവധിയെന്ന നിര്‍ദേശത്തില്‍ സ്വകാര്യ മേഖലയുടെ അഭിപ്രായം അറിയിക്കാനുള്ള സമയം ഇന്നവസാനിച്ചു. 

നിലവില്‍ ആഴ്ചയില്‍ 48 മണിക്കൂറാണ് തൊഴിലെടുക്കേണ്ട സമയം. ഇത് 40 മണിക്കൂറായും കുറക്കാന്‍ നീക്കമുണ്ട്. ഉത്തരവ് പ്രാബല്യത്തിലായാല്‍ ഈ സമയത്തിനപ്പുറം ചെയ്യുന്ന ജോലിക്ക് അധിക ശമ്പളം നല്‍കേണ്ടി വരും. റമളാനില്‍ 36 മണിക്കൂറെന്നത് 30 മണിക്കൂറായും കുറയും.

അന്തിമ അംഗീകാരമായാല്‍ സ്വകാര്യ മേഖലയില്‍ 70 ലക്ഷത്തോളം വരുന്ന വിദേശ തൊഴിലാളികള്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും. ചുരുക്കത്തില്‍ അഞ്ച് ദിവസമായി ജോലി സമയം മാറും. ആറാം ദിവസം ജോലി ചെയ്യിപ്പിച്ചാല്‍ അത് ഓവര്‍ടൈം ഗണത്തിലാണ് പെടുക. 

പഞ്ചിങ് സംവിധാനങ്ങളുള്ള സ്ഥാപനങ്ങളിലെ തൊഴിലാളിയുടെ ജോലി സമയ രേഖകള്‍ പോലും തൊഴില്‍ കേസുകളില്‍ നിര്‍ണായകമാകും. പ്രസവാവധി ശമ്പളത്തോടെ ഉള്ളത് പത്തില്‍ നിന്നും 14 ആഴ്ചയായും പുതിയ നീക്കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Top