News Desk

2020-06-05 10:31:41 pm IST


റിയാദ്: കൊവിഡ് ബാധിച്ച് സൗദി അറേബ്യയില്‍ രണ്ടു ഡോക്ടര്‍മാര്‍ മരിച്ചു. മക്കയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന പാകിസ്ഥാന്‍ സ്വദേശിയായ ഡോക്ടര്‍ നയീം ഖാലിദ് ചൗധരി (47) യും സുഡാന്‍ സ്വദേശിയായ ഡോക്ടര്‍ മുഹമ്മദ് അല്‍ ഫാക്കിയുമാണ് മരിച്ചത്. 

മക്കയിലെ ഹെര ജനറല്‍ ആശുപത്രിയില്‍ സ്‌പെഷ്യലിസ്റ്റ് സര്‍ജനായിരുന്നു നയീം ഖാലിദ് ചൗധരി. കൊവിഡ്-19 പകര്‍ച്ചവ്യാധിക്കെതിരെ പോരാടാനുള്ള അശ്രാന്തവും ധീരവുമായ ശ്രമങ്ങള്‍ക്ക് മെഡിക്കല്‍ സ്റ്റാഫിന് ഒരു മാതൃകയാണ് ചൗധരിയെന്ന് ആരോഗ്യ വകുപ്പ് പറഞ്ഞു.

റിയാദില്‍ വെച്ചാണ് സുഡാന്‍ സ്വദേശി മരിച്ചത്. കിംഗ് സൗദ് യൂണിവേഴ്‌സിറ്റിയിലെ ഫാക്കല്‍റ്റി അംഗവും ഹെമറ്റോളജി, ഓങ്കോളജി കണ്‍സള്‍ട്ടന്റുമായിരുന്നു മുഹമ്മദ് അല്‍ ഫാക്കി. 

കിംഗ് സൗദ് യൂണിവേഴ്‌സിറ്റിയിലെ കോളേജ് ഓഫ് മെഡിസിന്‍, സൗദി സൊസൈറ്റി ഫോര്‍ പീഡിയാട്രിക് ഹെമറ്റോളജി ആന്‍ഡ് ഓങ്കോളജി എന്നിവര്‍ മുഹമ്മദ് അല്‍ ഫാക്കിയുടെ മരണത്തില്‍ അനുശോചിച്ചു. 

Top