News Desk

2022-06-29 04:23:33 pm IST
കാസര്‍കോട്: പ്രവാസിയുടെ കൊലപാതകത്തില്‍ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. ഉപ്പള സ്വദേശികളായ അസീസ്, റഹീം എന്നിവരെയാണ് പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. കേസിലെ എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞെന്ന് കാസര്‍കോട് എസ്പി വൈഭവ് സക്‌സേന ഇന്ന് വ്യക്തമാക്കിയിരുന്നു. ക്വട്ടേഷന്‍ സ്വീകരിച്ച ഒരു പ്രതിയുടെ വീട്ടില്‍ നിന്ന് നാലര ലക്ഷം രൂപ പിടിച്ചെടുത്തെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.

കാസര്‍കോട് കുമ്പള സ്വദേശിയായ സീതാംഗോളി മുഗുറോഡിലെ അബൂബക്കര്‍ സിദ്ദീഖ്(32) ആണ് ക്രൂരമായി മര്‍ദനമേറ്റ് കൊല്ലപ്പെട്ടത്. മര്‍ദനമേറ്റ് മരിച്ചുവീണ സിദ്ദീഖിനെ മൂന്നംഗസംഘം ബന്തിയോട്ടെ ആശുപത്രിയില്‍ എത്തിച്ച് മുങ്ങുകയായിരുന്നു.

അറസ്റ്റിലായ രണ്ട് പേര്‍ക്കെതിരെ ഗൂഢാലോചന, പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ക്വട്ടേഷന്‍ സംഘത്തില്‍ ഉള്‍പ്പെട്ട ഒരാളുടെ വീട്ടില്‍നിന്ന് 4.5 ലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കൃത്യവുമായി ബന്ധപ്പെട്ട് അഞ്ച് വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.

കൊല്ലപ്പെട്ട അബൂബക്കര്‍ സിദ്ദീഖിന്റെ ശരീരത്തിലെ പേശികള്‍ അടിയേറ്റ് ചതഞ്ഞ് വെള്ളം പോലെയായിരുന്നുവെന്ന് മൃതദേഹ പരിശോധന റിപ്പോര്‍ട്ടില്‍ പറയുന്നു. കുറഞ്ഞത് 5000 തവണയെങ്കിലും അടിയേറ്റാല്‍ മാത്രമേ ശരീരം ഇത്തരത്തിലാവുകയുള്ളൂവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കാല്‍വെള്ളയിലും പിന്‍ഭാഗത്തുമായിരുന്നു അടികളെല്ലാം. അതിനിടയില്‍ തലയിലേറ്റ കനത്ത ആഘാതമാണ് സിദ്ദീഖിന്റെ മരണത്തിനിടയാക്കിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top