News Desk

2021-05-24 06:33:53 pm IST


ജെറുസലേം: ഫലസ്തീന്‍-ഇസ്രായേല്‍ പ്രശ്നത്തിനുള്ള ഒരേയൊരു പരിഹാരം ദ്വിരാഷ്ട്രമാണെന്ന യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ നിലപാടാണ് ഈ മേഖലയുടെ മുന്നോട്ടുള്ള ഏക പോംവഴിയെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ അമേരിക്കയ്ക്ക് കൂടുതല്‍ ഗുണകരമായ കാര്യങ്ങള്‍ ചെയ്യാനുള്ള വഴിത്തിരിവാകുന്നതിന് നിര്‍ണ്ണായകമാണെന്നും ബ്ലിങ്കന്‍ പറഞ്ഞു. 

ഗാസ ഉടമ്പടി നടപ്പാക്കുന്നതിനുള്ള അമേരിക്കയുടെ ശ്രമങ്ങളുടെ ഭാഗമായി ആന്റണി ബ്ലിങ്കന്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും വെസ്റ്റ് ബാങ്കിലെ ഫലസ്തീന്‍ അതോറിറ്റിയേയും ഇസ്രായേലും സന്ദര്‍ശിക്കും. ഗസ്സയുടെ പുനര്‍നിര്‍മാനത്തിനു വേണ്ടിയാവും സന്ദര്‍ശനം. 

അതേസമയം, ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്ന ഗസ്സയുടെ പുനര്‍നിര്‍മാണത്തെ സഹായിക്കുമെന്ന് ബൈടന്‍ നേരത്തെ പറഞ്ഞിരുന്നു. ഫലസ്തീന്‍ അതോറിറ്റിയുമായി യോജിച്ചായിരിക്കും പ്രദേശത്തേക്കുള്ള സഹായമെത്തിക്കുകയെന്നും ബൈഡന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഫലസ്തീന്‍ ജനതയെ നശിപ്പിക്കുകയല്ലാതെ മറ്റൊന്നും ഹമാസ് ചെയ്യുന്നില്ലാ എന്നും ബ്ലിങ്കന്‍ പറഞ്ഞു. ഇസ്രായേല്‍ സ്വദേശികള്‍ക്കെതിരെ ആക്രമണം അഴിച്ചുവിട്ടപ്പോള്‍ ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഉള്ളതിനാല്‍ അവര്‍ പ്രതികരിച്ചു എന്നും ബ്ലിങ്കന്‍ പറഞ്ഞു.

ഇസ്രായേലിലേക്കുള്ള ആയുധ വില്‍പ്പന നിര്‍ത്തലാക്കാനുള്ള ഡെമോക്രാറ്റുകളുടെ ബില്ലിനെക്കുറിച്ചും ബ്ലിങ്കന്‍ അഭിപ്രായപ്പെട്ടു. ആയുധവില്‍പന കോണ്‍ഗ്രസുമായി പൂര്‍ണ്ണമായി ആലോചിച്ചേ നടപ്പാക്കൂ എന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം, ഡെമോക്രാറ്റിക് പാര്‍ട്ടി ഇപ്പോഴും ഇസ്രായേലിനു പിന്തുണ തുടരുന്നുണ്ടെന്ന് ബൈഡന്‍ വ്യക്തമാക്കിയിരുന്നു. മേഖലയില്‍ ഒരു വെടിനിര്‍ത്തലുണ്ടാകാനുള്ള പ്രാര്‍ത്ഥനയിലായിരുന്നു. ഇസ്രായേലിന് ഒരു സ്വതന്ത്ര ജൂതരാഷ്ട്രമായി നിലനില്‍ക്കാന്‍ അവകാശമുണ്ടെന്ന് മേഖലയിലുള്ളവര്‍ ഒറ്റക്കെട്ടായി അംഗീകരിക്കുന്നതുവരെ സമാധാനമുണ്ടാകില്ലെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

ഇസ്രായേലിന്റെ 11 ദിന കൂട്ടക്കുരുതിയില്‍ തകര്‍ന്ന ഗസ്സയുടെ പുനരുദ്ധാരണത്തിന് വര്‍ഷങ്ങളെടുക്കുമെന്നാണ് സന്നദ്ധ സംഘടനകള്‍ പറയുന്നത്. ശതകോടികള്‍ ഇതിനായി ചെലവുവരുമെന്നും ഇവര്‍ കണക്കുകൂട്ടുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top