News Desk

2021-04-19 12:59:23 pm IST

പൂന: രണ്ട് പെണ്‍മക്കളെ ട്രക്ക് കയറ്റി കൊന്ന് അച്ഛന്‍ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയില്‍ പൂനയിലെ മാവല്‍ താലൂക്കിലെ ഇന്ദൂരി ഗ്രാമത്തിലാണ് സംഭവം. ട്രക്ക് ഡ്രൈവറായ 40-കാരന്‍ ഭരത് ബരാട്ടെയാണ് മക്കളെ നിര്‍ബന്ധിച്ച് റോഡില്‍ കിടത്തി ട്രക്ക് കയറ്റി കൊന്നതിന് ശേഷം അതേ ട്രക്കിന് മുന്നില്‍ കയറി നിന്ന് ആത്മഹത്യ ചെയ്തത്. 

നന്ദിനി (18), വൈഷ്ണവി (14) എന്നിവരാണ് കൊല്ലപ്പെട്ടത്. ഭാര്യയോടും ഇളയമകളോടും റോഡില്‍ കിടക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇളയ മകള്‍ ഇറങ്ങിയോടുകയും മകളെ പിടിക്കാന്‍ ഭാര്യ പിറകെ ഓടുകയും ചെയ്തതോടെ ഇരുവരും രക്ഷപ്പെടുകയായിരുന്നു. 

നന്ദിനി, തന്റെ കാമുകനോട് ഫോണില്‍ സംസാരിക്കുന്നത് കണ്ടതാണ് ഭരതിനെ പ്രകോപിച്ചത്. തുടര്‍ന്ന് അദ്ദേഹം നന്ദിനിയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. തുടര്‍ന്നാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. നന്ദിനിയുടെ പ്രണയത്തിന് വൈഷ്ണവി പിന്തുണ കൊടുക്കുന്നു എന്നറിഞ്ഞതാണ് വൈഷ്ണവിയെയും കൊലപ്പെടുത്താന്‍ കാരണമായത്. 

ഭരതിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. മകള്‍ ഒരാള്‍ ഫോണില്‍ സംസാരിക്കുന്നത് കണ്ടെന്നും അത് തന്നെ ദേഷ്യം പിടിപ്പിച്ചതാണ് കൊലയ്ക്ക് കാരണമെന്നും അതില്‍ എഴുതിയിട്ടുണ്ട്. 

ആത്മഹത്യാ കുറിപ്പില്‍ ഭാര്യയെ കൊണ്ടും ഭരത് ഒപ്പുവെച്ചിട്ടുണ്ട്. ബന്ധുക്കളോട് എല്ലാം ക്ഷമ ചോദിച്ചിട്ടുമുണ്ട്. തങ്ങളുടെ സ്വത്തുക്കളെ കുറിച്ചുളള വിവരങ്ങളും കുറിപ്പില്‍ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top