News Desk

2021-01-18 03:13:56 pm IST

ടെഹ്റാന്‍: പേര്‍ഷ്യന്‍ ഗള്‍ഫില്‍ വീണ്ടും അമേരിക്ക ബോംബര്‍ വിമാനങ്ങള്‍ വിന്യസിച്ചു. ഇസ്രായേല്‍ വ്യോമാതിര്‍ത്തിക്ക് മുകളിലൂടെ പേര്‍ഷ്യന്‍ ഗള്‍ഫ് ലക്ഷ്യം വെച്ച് അമേരിക്കന്‍ ബോയിംഗ് ബി-52 സ്ട്രാറ്റോഫോര്‍ട്രെസ് സൈനിക ബോംബറുകള്‍ പോയതായി ഇസ്രായേല്‍ ദിനപത്രമായ യെഡിയോത്ത് അഹ്റോനോത്ത് റിപ്പോര്‍ട്ട് ചെയ്തു.

ഇത് അഞ്ചാം തവണയാണ് അമേരിക്കയുടെ ബോംബര്‍ വിമാനങ്ങള്‍ ഇസ്രായേലിലൂടെ കടന്നുപോകുന്നതെന്ന് യെഡിയോത്ത് അഹ്റോനോത്ത് പറയുന്നു. ആണവ ബോംബുകള്‍ വഹിക്കാന്‍ ശേഷിയുള്ള പോര്‍ വിമാനങ്ങളാണ് ബി-52. രണ്ട് മാസത്തിനിടെ നാലാം തവണയും ഈ വിമാനങ്ങള്‍ ഇസ്രായേലിന് മുകളിലൂടെ പറന്നതായി ജനുവരി ഏഴിന് പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഇറാനെതിരെ അമേരിക്കന്‍ ശക്തിപ്രകടനത്തിന്റെ ഭാഗമായി കഴിഞ്ഞ മാസം രണ്ട് ബി-52 ബോംബര്‍ വിമാനങ്ങള്‍ ഇസ്രായേല്‍ വ്യോമാതിര്‍ത്തിക്ക് മുകളിലൂടെ പരന്നിരുന്നു. ഇറാന്‍ ആണവ ശാസ്ത്രജ്ഞന്‍ മൊഹ്സിന്‍ ഫക്രിസാദെയുടെ കൊലപാതകത്തെ തുടര്‍ന്നാണ് അമരിക്ക-ഇറാന്‍ പിരിമുറുക്കങ്ങള്‍ മേഖലയില്‍ വീണ്ടും സജീവമായത്.

ഫക്രിസാദെയുടെ കൊലപാതകത്തിനുത്തരവാദി ഇസ്രായേല്‍ ആണെന്നാണ് ഇറാന്റെ ആരോപണം. ശക്തമായ പ്രതികാരം ചെയ്യുമെന്ന് പ്രസിഡന്റ് ഹസ്സന്‍ റൂഹാനിയും പറഞ്ഞിരുന്നു. അതേസമയം, ഇറാനുമായുള്ള യുദ്ധം തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് അമരിക്കന്‍ പ്രതിരോധ വകുപ്പ് പെന്റഗണ്‍ വ്യക്തമാക്കി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു 

ALSO WATCH

Top