News Desk

2021-01-31 11:09:09 am IST

അബുദാബി: പൗരത്വ നിയമം ഭേദഗതി ചെയ്ത യു.എ.ഇയുടെ നടപടിയെ പ്രശംസിച്ച് പ്രവാസികള്‍. നിക്ഷേപകര്‍, പ്രഫഷനലുകള്‍, പ്രതിഭകള്‍, കലാകാരന്മാര്‍, ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍ ഇവരുടെയെല്ലാം കുടുംബങ്ങള്‍ തുടങ്ങിയവര്‍ക്കാണ് പൗരത്വം ലഭിക്കുക. ഇവരുടെ യഥാര്‍ഥ പൗരത്വം ഇതോടൊപ്പം നിലനിര്‍ത്തുകയും ചെയ്യാം. 

പ്രത്യേക കഴിവുള്ള ആളുകള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പൗരത്വം നല്‍കാനുള്ള നടപടി അവരെ യു.എ.ഇ സമൂഹത്തിന്റെ ഭാഗമായി അംഗീകരിക്കാനുള്ള തീരുമാന പ്രകാരമാണ്. മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാര്‍ ഈ മേഖലകളില്‍ ശ്രദ്ധേയരാണ്.

യു.എ.ഇയുടെ വികസനത്തിനും വളര്‍ച്ചയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള ആദരവാണ് പൗരത്വ നിയമ ഭേദഗതിയെന്ന് അധികൃതര്‍ പറഞ്ഞു. കിരീടാവകാശിയുടെ കോര്‍ട്, എക്‌സിക്യുട്ടീവ് കൗണ്‍സിലുകള്‍, ഫെഡറല്‍ മന്ത്രിസഭ എന്നിവ കൂടിച്ചേര്‍ന്നാണ് ഇതുസംബന്ധിച്ച തീരുമാനമെടുക്കുക.

അതേസമയം, പൗരത്വം കിട്ടുന്നവര്‍ സര്‍ക്കാര്‍ അനുശാസിക്കുന്ന നിയമാവലികള്‍ ലംഘിച്ചതായി കണ്ടെത്തിയാല്‍ പൗരത്വം പിന്‍വലിക്കുന്നതാണ്.

പൗരത്വത്തിന് അര്‍ഹത ആര്‍ക്ക്?

നിക്ഷേപകര്‍

ഡോക്ടര്‍മാര്‍

സ്‌പെഷ്യലിസ്റ്റുകള്‍

ഉപജ്ഞാതാക്കള്‍

ശാസ്ത്രജ്ഞര്‍

പ്രതിഭകള്‍

ബുദ്ധിജീവികള്‍

കലാകാരന്മാര്‍

മുകളില്‍ പറഞ്ഞവരുടെ കുടുംബങ്ങള്‍


പൗരത്വം ലഭിക്കാനുള്ള നിബന്ധനകള്‍

നിക്ഷേപകര്‍: നിക്ഷേപകര്‍ക്ക് യു.എ.ഇയില്‍ സ്വന്തമായി സ്വത്തുവകകള്‍ ഉണ്ടായിരിക്കണം.

ഡോക്ടര്‍മാരും സ്‌പെഷ്യലിസ്റ്റുകളും: യു.എ.ഇയില്‍ അനിവാര്യ ജോലി ചെയ്യുന്നവരായിരിക്കണം. 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവരുമാകണം. പ്രമുഖ സ്ഥാപനത്തിലായിരിക്കണം ജോലി ചെയ്യുന്നത്.

ശാസ്ത്രജ്ഞര്‍: യൂണിവേഴ്‌സിറ്റിയിലോ, ഗവേഷക കേന്ദ്രത്തിലോ, സ്വകാര്യ മേഖലയിലോ ഗവേഷകരായിരിക്കണം. ഈ മേഖലയില്‍ 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം വേണം. ശാസ്ത്ര ഗവേഷണത്തില്‍ രാജ്യത്തിന് എന്തെങ്കിലും സംഭാവന നല്‍കിയതിന് അംഗീകാരം ലഭിച്ചവര്‍ക്കായിരിക്കും മുന്‍ഗണന. യു.എ.ഇയിലെ ഏതെങ്കിലും ശാസ്ത്ര സ്ഥാപനത്തില്‍ നിന്നുള്ള അംഗീകാരപത്രം നിര്‍ബന്ധമാണ്.

ഉപജ്ഞാതാക്കള്‍: യു.എ.ഇ സാമ്പത്തിക വകുപ്പില്‍ നിന്നോ മറ്റേതെങ്കിലും പ്രമുഖ സ്ഥാപനത്തില്‍ നിന്നോ ഏതെങ്കിലും കണ്ടുപിടിത്തത്തിന് യു.എ.ഇ സാമ്പത്തിക മന്ത്രാലയം അംഗീകരിച്ച ഒന്നോ അതിലേറെയോ പേറ്റന്റുകള്‍ ലഭിച്ചവരായിരിക്കണം. സാമ്പത്തിക മന്ത്രാലയത്തിന്റെ കത്ത് ഹാജരാക്കണം.

ബുദ്ധിജീവികളും കലാകാരന്മാരും: കലാകാരന്മാരും ബുദ്ധിജീവികളും തങ്ങളുടെ മേഖലകളില്‍ പ്രമുഖ സ്ഥാനമുള്ളവരും ഒന്നിലേറെ രാജ്യാന്തര അംഗീകാരങ്ങള്‍ നേടിയവരുമായിരിക്കണം. ഇതുസംബന്ധമായ സര്‍ക്കാര്‍ കത്ത് നിര്‍ബന്ധം.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Top