News Desk

2021-01-31 03:39:30 pm IST

അബുദാബി: കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് യു.എ.ഇയിലെ പുതിയ പൗരത്വ നിയമം ഗുണം ചെയ്യുമെന്ന് ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സികള്‍. കാനഡയിലേക്കും ഓസ്ട്രേലിയയിലേക്കും കുടിയേറാന്‍ ആഗ്രഹിക്കുന്നവരെ യു.എ.ഇയില്‍ തന്നെ നിലനിര്‍ത്താന്‍ പുതിയ നിയമം സഹായകമാകുമെന്നാണ് നിരീക്ഷണങ്ങള്‍.

യു.എ.ഇയില്‍ ജോലി നോക്കുന്ന നിരവധി പേര്‍ കാനഡയിലേക്കും ഓസ്ട്രേലിയയിലേക്കും കുടിയേറാന്‍ ആഗ്രഹിക്കുന്നുണ്ട്. ഇവര്‍ക്ക് വലിയ അവസരമാണ് യു.എ.ഇ ഇപ്പോള്‍ നല്‍കിയിരിക്കുന്നതെന്ന് മുതിര്‍ന്ന  ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്റായ അബ്ബാസ് മൊസ്വി പറഞ്ഞു. 

'കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് യഥാര്‍ത്ഥത്തില്‍ യു.എ.ഇയില്‍ തന്നെ തുടരാനാണ് താല്‍പ്പര്യം. അവര്‍ ഇവിടെ സന്തുഷ്ടരുമാണ്. ജോലി നഷ്ടമാകുമോ എന്ന ഭയത്തില്‍ മാത്രമാണ് അവര്‍ പുറത്തേക്ക് പോകാന്‍ നോക്കുന്നത്. അങ്ങിനെയൊരു സാഹചര്യം വന്നാല്‍ അവര്‍ക്ക് തിരിച്ച് പോകുകയല്ലാതെ മറ്റുവഴികള്‍ ഇല്ലെന്നാകും. എമിറാത്തി പൗരത്വം നല്‍കുകയാണെങ്കില്‍ അവര്‍ മറ്റേതെങ്കിലും രാജ്യത്തേക്ക് കുടിയേറുന്നതിനെക്കുറിച്ച് ഒരിക്കലും പദ്ധതിയിടില്ല.', അബ്ബാസ് മൊസ്വി കൂട്ടിച്ചേര്‍ത്തു.

നിക്ഷേപകര്‍, പ്രഫഷനലുകള്‍, പ്രതിഭകള്‍, കലാകാരന്മാര്‍, ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍ ഇവരുടെയെല്ലാം കുടുംബങ്ങള്‍ തുടങ്ങിയവര്‍ക്കാണ് പൗരത്വം ലഭിക്കുക. യു.എ.ഇ ഭരണാധികാരി ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍-നഹ്യാന്റെ നിര്‍ദേശ പ്രകാരമാണ് തീരുമാനം.

പ്രത്യേക കഴിവുള്ള ആളുകള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പൗരത്വം നല്‍കാനുള്ള നടപടി അവരെ യു.എ.ഇ സമൂഹത്തിന്റെ ഭാഗമായി അംഗീകരിക്കാനുള്ള തീരുമാന പ്രകാരമാണ്.

ഇതിലൂടെ രാജ്യത്തിന്റെ സാമൂഹിക സ്ഥിരത ഉറപ്പാക്കാനും യു.എ.ഇ ലക്ഷ്യമിടുന്നു. മൊത്തത്തിലുള്ള ദേശീയ വികസനത്തിന് ഊന്നല്‍ നല്‍കാനുള്ള പദ്ധതിയുടെ ഭാഗമായാണ് യു.എ.ഇ പൗരത്വ നിയമത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Top