News Desk

2021-06-23 03:17:13 pm IST
ദുബൈ: ജൂലൈ ആറ് വരെ ദുബൈയിലേക്ക് സര്‍വീസ് ഉണ്ടാകില്ലെന്ന് എയര്‍ ഇന്ത്യ. ട്വിറ്ററിലൂടെയാണണ് എയര്‍ ഇന്ത്യ ഇക്കാര്യം അറിയിച്ചത്. വിമാന സര്‍വീസുമായി ബന്ധപ്പെട്ട് യാത്രക്കാരുടെ സംശയങ്ങള്‍ക്ക് മറുപടികൊടുക്കുന്നതിനിടെയാണ്  സര്‍വീസുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യ വ്യക്തത വരുത്തിയത്. ദുബൈയിലേക്കുള്ള  യാത്രാ നിബന്ധനകളില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

യു.എ.ഇയിലെ യാത്രാ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ജൂലൈ ആറ് വരെ വിമാനസര്‍വീസ് ഉണ്ടാവില്ലെന്നും കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റിലൂടെയും ട്വിറ്റര്‍ പേജിലൂടെയും അറിയിക്കാമെന്നുമാണ് യാത്രക്കാരന്റെ സംശയത്തിന് മറുപടിയായി എയര്‍ ഇന്ത്യ ട്വീറ്റ് ചെയ്തത്. ഇതോടെ ബുധനാഴ്ച മുതല്‍ യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക് അവസാനിക്കുമെന്ന് പ്രതീക്ഷിച്ച പ്രവസികള്‍ക്ക് തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. 

രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ജൂണ്‍23 മുതല്‍ ദുബൈയിലേക്ക് മടങ്ങിയെത്താനാകുമെന്നായിരുന്നു പ്രതീക്ഷ. ഇന്ത്യ, ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധമാക്കിയതായി ശനിയാഴ്ചയാണ് ദുബൈ ദുരന്ത നിവാരണ സമിതി അറിയിച്ചത്.

ഇതോടെ ചില എയര്‍ലൈനുകള്‍ ടിക്കറ്റ് ബുക്കിങ് തുടങ്ങുകയും ചെയ്തു. എന്നാല്‍ പല കാര്യങ്ങളിലും അവ്യക്തത ഉണ്ടായതോടെ എയര്‍ലൈനുകള്‍ ടിക്കറ്റ് ബുക്കിങ് നിര്‍ത്തിവെക്കുകയായിരുന്നു. അതേസമയം, ഞായറാഴ്ച ഉച്ചക്ക് നിര്‍ത്തിവെച്ച ടിക്കറ്റ് ബുക്കിങ് ഇതുവരെ പുനരാരംഭിച്ചില്ല.

Top