News Desk

2021-06-05 10:16:55 pm IST
അജ്മാന്‍: ഫേസ്ബുക്ക് വഴി  28 വയസുകാരിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച ആറ് പ്രവാസികള്‍ക്ക് ജയില്‍ ശിക്ഷ വിധിച്ച് അജ്മാന്‍ കോടതി. സ്ത്രീ അടങ്ങുന്ന ആറംഗ സംഘത്തിനാണ് കോടതി ശിക്ഷ വിധിച്ചത്. വീട്ടുജോലിക്കാരിയായിരുന്ന യുവതിയോട് ഫേസ്ബുക്ക് വഴി പരിചയം സ്ഥാപിച്ച ശേഷം അവരുടെ വലയില്‍ വീഴ്ത്തുകയായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്.

ആറംഗ സംഘത്തിലെ സ്ത്രീയാണ് യുവതിയുമായി ഫേസ്ബുക്ക് വഴി പരിചയം സ്ഥാപിച്ചത്. തന്റെ ജോലി സംബന്ധമായ പ്രശ്‌നങ്ങള്‍ യുവതി വിവരിച്ചപ്പോള്‍ ഉയര്‍ന്ന ശമ്പളത്തോടെ മറ്റൊരു ജോലി ശരിയാക്കി തരാമെന്ന് ഇവര്‍ വാഗ്ദാനം ചെയ്തു. ഇതേ തുടര്‍ന്ന് യുവതി സ്‌പോണ്‍സറുടെ അടുത്ത് നിന്ന് ഒളിച്ചോടി ഇവരുടെ അടുത്തേക്ക് പോവുകയും ചെയ്തു. 

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സ്ത്രീ, സ്‌പോണ്‍സറുടെ അടുത്ത് നിന്നും എത്തിയ യുവതിയെ ഒരു അപ്പാര്‍ട്ട്‌മെന്റിലേക്കാണ് കൊണ്ടുപോയത്. അവിടെ വെച്ച് യുവതിയുടെ ഫോണും തിരിച്ചറിയല്‍ കാര്‍ഡും വസ്ത്രങ്ങളും കൈവശമാക്കി. ഇതേ രീതിയില്‍ എത്തിയ മറ്റ് അഞ്ച് പേര്‍ കൂടി അപ്പാര്‍ട്ട്‌മെന്റിലുണ്ടായിരുന്നു. ഇവരെയെല്ലാം നിര്‍ബന്ധിച്ച് വേശ്യാവൃത്തി ചെയ്യിക്കുകയായിരുന്നുവെന്ന് യുവതി അപ്പോഴാണ് മനസിലാക്കിയത്.

പ്രതികളുടെ ഫോണ്‍ മോഷ്ടിച്ചാണ് യുവതി പൊലീസിന്റെ സഹായം തേടിയത്. പൊലീസ് ഓപ്പറേഷന്‍സ് റൂമിലേക്ക് ലൊക്കേഷന്‍ വിവരങ്ങള്‍ അയച്ചുകൊടുത്തതോടെ സി.ഐ.ഡി വിഭാഗം ഉദ്യോഗസ്ഥരെത്തി അന്വേഷണം നടത്തുകയായിരുന്നു. സംഘാംഗങ്ങളെ അറസ്റ്റ് ചെയ്ത പൊലീസ് ഇവരുടെ പിടിയിലായിരുന്ന യുവതികളെ മോചിപ്പിക്കുകയും ചെയ്തു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top