News Desk

2021-06-02 09:13:05 pm IST

ദുബൈ: കൊവിഡിനെതിരായ പോരാട്ടത്തില്‍ ജീവന്‍ നഷ്ടപ്പെടുന്ന ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ക്ക് 10 വര്‍ഷത്തേക്ക് പ്രതിമാസം ശമ്പളം നല്‍കുമെന്ന പ്രഖ്യാപനവുമായി ആസ്റ്റര്‍. ഇതുവരെ ആസ്റ്ററിലെ അഞ്ച് ജീവനക്കാരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 

ജീവനക്കാരന് പ്രതിമാസം ലഭിച്ചിരുന്ന അടിസ്ഥാന ശമ്പളമാണ് 10 വര്‍ഷത്തേക്ക് കുടുംബാംഗങ്ങള്‍ക്ക് നല്‍കുന്നത്. ഏഴ് രാജ്യങ്ങളിലായി 2880 ഡോക്ടര്‍മാരും 6280 നഴ്‌സുമാരും 11,000 അനുബന്ധ ജീവനക്കാരും ആസ്റ്ററില്‍ ജോലി ചെയ്യുന്നുണ്ട്. 5150 ജീവനക്കാര്‍ക്ക് കൊവിഡ് ബാധിച്ചിരുന്നു. 

സ്വന്തം ജീവനേക്കാള്‍ രോഗികള്‍ക്ക് മുന്‍ഗണന നല്‍കുന്ന ജീവനക്കാരാണ് കൊവിഡിനെതിരായ പോരാട്ടത്തിലെ യഥാര്‍ത്ഥ നായകരെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. 

'അഞ്ച് ജീവനക്കാര്‍ക്ക് ജീവന്‍ നഷ്ടമായത് വേദനാജനകമാണ്. അവരില്‍ പലരും കുടുംബത്തിന്റെ ഏക വരുമാന സ്രോതസ്സായിരുന്നു എന്ന കാര്യവും വിസ്മരിക്കുന്നില്ല. ഈ കുടുംബങ്ങള്‍ക്ക് പിന്തുണ നല്‍കേണ്ടത് കടമായി ഏറ്റെടുക്കുകയാണ്. ഇതൊരു ചെറിയ സഹായമാണെന്നറിയാം.', ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top