അബുദാബി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുളള സമാധാന ചര്‍ച്ചയ്ക്ക് യു.എ.ഇ സഹായിച്ചതായി ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുളള വെടിനിര്‍ത്തല്‍ കരാറിനെ ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ മാനിക്കുന്നതായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം ഒരു സംയുക്ത പ്രസ്താവന പുറത്തിറക്കിയിരുന്നു. ഈ വെടിനിര്‍ത്തല്‍ കരാര്‍ രണ്ട് ആണവ രാഷ്ട്രങ്ങള്‍ക്കിടയില്‍ ശാശ്വത സമാധാനം ഉറപ്പു വരുത്തുന്നതിലുളള വലിയ ഒരു പാതയുടെ ആരംഭം മാത്രമാണെന്ന് ഒരു എമിറാത്തി ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു കൊണ്ട് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
ഇതിന്റെ അടുത്ത ഘട്ടത്തിന്റ ഭാഗമായി ഇന്ത്യയും പാകിസ്ഥാനും ഡല്‍ഹിയിലും ഇസ്ലാമാബാദിലും അവരുടെ പ്രതിനിധികളെ പുനസ്ഥാപിക്കുമെന്ന് ഒരു എമിറാത്തി ഉദ്യോഗസ്ഥന് പറഞ്ഞു. കൂടാതെ വ്യാപാരം പുനരാരംഭിക്കുന്നതിനെ കുറിച്ചും കശ്മീര്‍ അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിനെ കുറിച്ച് ഇരു രാജ്യങ്ങളും ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് വര്‍ഷം മുമ്പ് ഇന്ത്യയുടെ നിയന്ത്രണത്തിലുളള കശ്മീര്‍ അതിര്‍ത്തിയില്‍ നടന്ന ആക്രമണത്തില്‍ 40 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായിരുന്നു ബന്ധത്തില്‍ വിളളലുകള്‍ ഉണ്ടാവുകയും ചെയ്തു. പാകിസ്ഥാനും സായുധ സംഘങ്ങളും തങ്ങളുടെ പ്രദേശത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും വ്യോമാക്രമണം നടത്തിയതായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചിരുന്നു. എന്നാല്‍ മോദിയുടെ ഈ അവകാശവാദത്തെ ഇസ്ലാംമാബാദ് നിഷേധിച്ചിരുന്നു.
അതേസമയം, കഴിഞ്ഞയാഴ്ച പാകിസ്ഥാന് കരസേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ 'ഭൂതകാലത്തെ കുഴിച്ചിട്ട് മുന്നോട്ട് പോകാന്‍' ഇന്ത്യയോട് ആഹ്വാനം ചെയ്തിരുന്നു. കൂടാതെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സൈന്യം തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കൊവിഡ് ബാധിതനായ പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ രോഗമുക്തി ആശംസ അറിയിച്ചിരുന്നു. ഇമ്രാന് ഖാന് എത്രയും പെട്ടെന്ന് കൊവിഡ് മുക്തനാകട്ടെയെന്നാണ് നരേന്ദ്ര മോദി ട്വീറ്റ് ചെയ്തത്.
എന്നാല്‍ ചര്‍ച്ചയെക്കുറിച്ചോ യു.എ.ഇ വഹിച്ച പങ്കിനെക്കുറിച്ചോ പാകിസ്ഥാന് വിദേശകാര്യ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യയ്ക്കും പാകിസ്ഥാനും വേണ്ടി കഴിഞ്ഞ വര്‍ഷം യു.എ.ഇ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും ഇരു രാജ്യങ്ങളും തമ്മിലുളള ചര്‍ച്ചകളില്‍ യു.എ.ഇ യ്ക്ക് പങ്കുണ്ടെന്നുമാണ് സൂചന. വെടിനിര്‍ത്തല്‍ കരാറിനെ ഇരുരാജ്യങ്ങളും മാനിച്ചതിന് ഇരുവരെയും അഭിനന്ദിച്ച ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് യുഎഇ.