News Desk

2021-05-01 07:29:36 pm IST
ദുബൈ: ഇന്ത്യക്കാര്‍ക്ക് യു.എ.ഇ ഏര്‍പ്പെടുത്തിയ വിലക്ക് 10 ദിവസം കൂടി നീട്ടിയ സാഹചര്യത്തില്‍ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് അറിയിപ്പുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. ടിക്കറ്റ് ബുക്ക് ചെയ്ത ദിവസം മുതല്‍ 36 മാസത്തേക്ക് ടിക്കറ്റ് കാലാവധി നീട്ടിക്കിട്ടുമെന്നും എമിറേറ്റ്‌സ് അറിയിച്ചു. 

ബുക്ക് ചെയ്ത ടിക്കറ്റ് ഇനിയുള്ള യാത്രയ്ക്കായി സൂക്ഷിക്കുകയോ അല്ലെങ്കില്‍ മറ്റൊരു തീയതിയിലേക്ക് വീണ്ടും ബുക്ക് ചെയ്യുകയോ പണം തിരികെ വാങ്ങുകയോ ചെയ്യാമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിച്ചു. 

2021 ഏപ്രില്‍ ഒന്നിന് മുമ്പ് ബുക്ക് ചെയ്യുകയും 2021 ഡിസംബര്‍ 31 വരെ യാത്ര നിശ്ചയിച്ചിരിക്കുന്നവര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. 2021 ഏപ്രില്‍ ഒന്ന് മുതല്‍ ലഭിച്ച ടിക്കറ്റുകള്‍ക്ക് രണ്ടു വര്‍ഷത്തെ യാത്രാ കാലാവധിയും അനുവദിച്ചിട്ടുണ്ട്. ഈ കാലയളവിനുള്ളില്‍ യാത്രാ തീയതികള്‍ മാറ്റിയെടുക്കാനോ റീഫണ്ട് ആവശ്യപ്പെടാനോ അവസരമുണ്ട്. അതുപോലെ അടുത്ത വിമാനത്തിന് വീണ്ടും ബുക്ക് ചെയ്യാനും സാധിക്കും.

2020 സെപ്തംബര്‍ 30നോ അതിന് മുമ്പോ ബുക്ക് ചെയ്യുകയും  2021 ഡിസംബര്‍ 31 വരെയോ അതിന് മുമ്പോ കാലാവധിയുള്ള ടിക്കറ്റുകള്‍ക്കും ബുക്ക് ചെയ്ത ദിവസം മുതല്‍ 36 മാസത്തെ കാലാവധി നീട്ടി നല്‍കുമെന്നും എമിറേറ്റ്സ് അധികൃതര്‍ വിശദമാക്കി. ബുക്ക് ചെയ്ത അതേ സ്ഥലത്തേക്കോ അതേ മേഖലയ്ക്കുള്ളിലേക്ക് പുറപ്പെടുന്ന ഏത് വിമാനത്തിലും ബുക്ക് ചെയ്ത അതേ ക്ലാസില്‍ 36 മാസത്തിനുള്ളില്‍ ഈ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാനാകുമെന്നും എമിറേറ്റ്‌സ് വ്യക്തമാക്കി. 

കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ഏപ്രില്‍ 24 മതല്‍ ഏര്‍പ്പെടുത്തിയ വിലക്ക് മെയ് 14 വരെ നീട്ടിയത്. ഇന്ത്യ വഴി യാത്ര ചെയ്ത ട്രാന്‍സിര്‌റ് യാത്രക്കാരെയും യു.എ.ഇയിലേക്കുള്ള വിമാനത്തില്‍ പ്രവേശിപ്പിക്കില്ലെന്ന് അധിൃതര്‍ വ്യക്തമാക്കിയിരുന്നു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top