News Desk

2021-02-03 11:01:22 pm IST
അബുദാബി: ഇന്ന് രാത്രി നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 30 കോടിയുടെ ഒന്നാം സമ്മാനം നേടി ഖത്തര്‍ പ്രവാസിയായ മലയാളി വനിത. ദോഹയില്‍ താമസിക്കുന്ന തസ്‌ലീന പുതിയ പുരയിലാണ് 1.5 കോടി ദിര്‍ഹത്തിന്റെ (30 കോടിയോളം ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനം നേടിയത്. 

ഈ വര്‍ഷം ജനുവരി 26ന് തസ്‌ലീനയെടുത്ത 291310 ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. സമ്മാന വാര്‍ത്ത അറിയിക്കാനായി നറുക്കെടുപ്പ് വേദിയില്‍ നിന്ന് ബിഗ് ടിക്കറ്റ് അധികൃതര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ തനിക്ക് വിശ്വാസിക്കാനാവുന്നില്ലെന്നായിരുന്നു തസ്‌ലീനയുടെ ആദ്യ പ്രതികരണം. 

അതേസമയം, ഡ്രീം കാര്‍ സീരിസിലടക്കം ഇത്തവണ ബിഗ് ടിക്കറ്റിലെ എല്ലാ സമ്മാനങ്ങളും നേടിയത് ഇന്ത്യക്കാരാണ്. ഇന്ത്യക്കാരിയായ വില്‍മ ദാന്തിയാണ് ഡ്രീം കാര്‍ സീരിസില്‍ റേഞ്ച് റോവര്‍ സ്വന്തമാക്കിയത്. 001517 എന്ന നമ്പറിലൂടെയാണ് സ്വപ്ന വാഹനം വില്‍മയെ തേടിയെത്തിയത്.

മൂന്നര ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം പ്രേം മോഹന് ലഭിച്ചു. ഓണ്‍ലൈനിലൂടെ എടുത്ത 016213 നമ്പറിലെ ടിക്കറ്റാണ് പ്രേമിനെ വിജയിയാക്കിയത്. 114917 നമ്പര്‍ ടിക്കറ്റിലൂടെ അലി അഷ്‌കര്‍ പാലക്കല്‍ ഒരു ലക്ഷം ദിര്‍ഹത്തിന്റെ മൂന്നാം സമ്മാനവും 222960 നമ്പര്‍ ടിക്കറ്റിലൂടെ നിധിന്‍ പ്രകാശ് 80,000 ദിര്‍ഹത്തിന്റെ നാലാം സമ്മാനവും സ്വന്തമാക്കി.

ബിഗ് ടിക്കറ്റ് സ്റ്റോര്‍ വഴി ടിക്കറ്റെടുത്ത യൂസുഫ് തച്ചറുപടിക്കല്‍ ശരീഫിനാണ് 60,000 ദിര്‍ഹത്തിന്റെ അഞ്ചാം സമ്മാനം. 025916 ആയിരുന്നു അദ്ദേഹത്തിന്റെ ടിക്കറ്റ് നമ്പര്‍. 

50,000 ദിര്‍ഹത്തിന്റെ ആറാം സമ്മാനം മഞ്ജുള മാത്യുവും (ടിക്കറ്റ് നമ്പര്‍ 317983) 40,000 ദിര്‍ഹത്തിന്റെ ഏഴാം സമ്മാനം രാജന്‍ കിഴക്കേക്കരയും (ടിക്കറ്റ് നമ്പര്‍ 198000) സ്വന്തമാക്കി. ഇവരുവരും ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റെടുത്തത്. 006930 നമ്പറിലെ ടിക്കറ്റിലൂടെ കാശിനാഥ് ഐഗൂറിന് 20,000 ദിര്‍ഹത്തിന്റെ അവസാന സമ്മാനം ലഭിച്ചു.

ബിഗ് ടിക്കറ്റിന്റെ ഡ്രീം 12 മില്യന്‍ നറുക്കെടുപ്പാണ് ഇനി നടക്കാനിരിക്കുന്നത്. 1.2 കോടി ദിര്‍ഹം ഒന്നാം സമ്മാനം ലഭിക്കുന്ന ഈ നറുക്കെടുപ്പ് 2021 മാര്‍ച്ച് മൂന്നിന് നടക്കും.

അതേസമയം, കഴിഞ്ഞ തവണ 40 കോടിയുടെ ഒന്നാം സമ്മാനം സ്വന്തമാക്കിയ മലയാളി അബ്ദുസലാം എന്‍.വിയാണ് ഇന്നത്തെ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടിയയാളെ തെരഞ്ഞെടുത്തത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH

Top