News Desk

2021-04-05 10:33:44 pm IST
ദുബൈ: കുഞ്ഞ് പിറന്നത് ആഘോഷിക്കാന്‍ അറബ് യുവാവ് നടത്തിയ വെടിക്കെട്ടിലും കരിമരുന്ന് പ്രയോഗത്തിലും വന്‍ നാശനഷ്ടം. ആഘോഷത്തില്‍ അഞ്ച് കാറുകള്‍ കത്തിനശിക്കുകയും അയല്‍വാസികളുടെ വീടുകള്‍ക്ക് നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തു. യു.എ.ഇയിലെ ഔദ് അല്‍ മുത്തീനയിലായിരുന്നു സംഭവം. പടക്കങ്ങള്‍ കത്തിച്ചും കരിമരുന്ന് പ്രയോഗം നടത്തിയുമായിരുന്നു യുവാവിന്റെ ആഘോഷം.

പരിസരത്തെ ആറ് വീടുകളുടെ ചില ഭാഗങ്ങള്‍ തകര്‍ന്നുവീണു. പ്രദേശത്ത് സ്‌ഫോടനമുണ്ടായതായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘവും ആംബുലന്‍സ്, സിവില്‍ ഡിഫന്‍സ് വിഭാഗങ്ങളും എത്തുകയും നാശനഷ്ടമുണ്ടാകുന്നത് തടയുകയും ചെയ്തു. കുഞ്ഞിന്റെ അച്ഛനെയും രണ്ട് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. നാശനഷ്ടമുണ്ടായതിന് പിന്നാലെ ഇവര്‍ ബാക്കിയുണ്ടായിരുന്ന സാധനങ്ങള്‍ ഒളിപ്പിക്കാനും ശ്രമിച്ചു. 

വിവരം ലഭിച്ചയുടന്‍ തന്നെ സ്ഥലത്തെത്തിയ പൊലീസ് സംഘമാണ് കൂടുതല്‍ നാശനഷ്ടമുണ്ടാകുന്നത് തടഞ്ഞതെന്ന് പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍  ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുല്‍ ഹലീം അല്‍ ഹാഷിമി പറഞ്ഞു. കരിമരുന്ന് പ്രയോഗം പോലുള്ളവയുടെ അപകട സാധ്യതകളെക്കുറിച്ച് എല്ലാവരും ബോധവാന്മാരാവണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. 

 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top