News Desk

2021-02-15 06:16:39 pm IST

ദുബൈ: എന്‍.എം.സി ഹെല്‍ത്ത് കെയര്‍ സ്ഥാപകനും പ്രമുഖ വ്യവസായിയുമായ ബി.ആര്‍ ഷെട്ടിയുടെ ലോകത്താകമാനമുള്ള സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ യു.കെ കോടതിയുടെ ഉത്തരവ്. അബുദാബി കൊമേഴ്സ്യല്‍ ബാങ്കിന്റെ (എ.ഡി.സി.ബി) അഭ്യര്‍ഥന മാനിച്ചാണ് ലണ്ടന്‍ കോടതിയുടെ ഉത്തരവ്. 

എന്‍.എം.സി ഹെല്‍ത്തിന്റെ മുന്‍ സി.ഇ.ഒയും മലയാളിയുമായ പ്രശാന്ത് മാങ്ങാട്ട്, മുന്‍ എക്‌സിക്യൂട്ടീവുകള്‍ എന്നിവരുടെ സ്വത്തുക്കളും മരവിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു. ഇതോടെ ബി.ആര്‍.ഷെട്ടിക്കും പ്രശാന്ത് മാങ്ങാട്ടടക്കമുള്ളവര്‍ക്കും ലോകത്തിന്റെ ഏത് ഭാഗത്തുള്ള തങ്ങളുടെ സ്വത്തുക്കള്‍ വില്‍ക്കാന്‍ സാധിക്കില്ല. ഷെട്ടിക്കെതിരെ നേരത്തെ യു.എ.ഇയിലും നടപടികളുണ്ടായിരുന്നു. 

വായ്പ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് അബുദാബി വാണിജ്യ ബാങ്ക് യു.കെ കോടതിയെ സമീപിക്കുന്നത്. ഏകദേശം 3.7 ബില്യണ്‍ ദിര്‍ഹത്തിന്റെ ഇടപാടുകള്‍ ബാങ്കിന് എന്‍.എം.സിയുമായുണ്ട്. സാമ്പത്തിക ക്രമക്കേടുകള്‍ മൂലം ബാങ്കിനുണ്ടായ നഷ്ടത്തിന്റെ നഷ്ടപരിഹാര ക്ലെയിമിന്റെ വെളിച്ചത്തിലാണ് ആസ്തി മരവിപ്പിക്കാനുള്ള കോടതി ഉത്തരവ്. 

എന്‍.എം.സിയുടെ ആറു മുന്‍ മുതിര്‍ന്ന എക്‌സിക്യൂട്ടീവുകള്‍ക്കെതിരെയും നടപടിയുണ്ടാകും. മുന്‍ എക്‌സിക്യൂട്ടീവുകളാണ് തട്ടിപ്പ് നടത്തിയതെന്ന് നിലവില്‍ ചീഫ് എക്‌സിക്യൂട്ടീവ് ആയ എന്‍.എം.സി സി.ഇ.ഒ മൈക്കല്‍ ഡേവിസിന്റെ സാക്ഷി മൊഴിയെ ഉദ്ധരിച്ചാണ് കോടതി ഇവര്‍ക്കെതിരെ വിധി പുറപ്പെടുവിച്ചത്.

ബി.ആര്‍ ഷെട്ടിയുടെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ദുബൈ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ദുബൈ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ കോടതിയില്‍ ക്രെഡിറ്റ് യൂറോപ്പ് ബാങ്കിന്റെ ദുബൈ ശാഖ നല്‍കിയ പരാതിയിലായിരുന്നു ഉത്തരവ്.

1975-ല്‍ ബി.ആ ഷെട്ടി സ്ഥാപിച്ചതാണ് എന്‍.എം.സി ഹെല്‍ത്ത്‌കെയര്‍. ഒരൊറ്റ ആശുപത്രിയില്‍ നിന്ന് യു.എ.ഇയിലെ സ്വകാര്യ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ ഹെല്‍ത്ത് കെയര്‍ ഓപ്പറേറ്ററായി വളര്‍ന്നു. അതില്‍ 2,000 ഡോക്ടര്‍മാരും നഴ്‌സുമാര്‍ ഉള്‍പ്പടെ 20,000 സ്റ്റാഫുകളും ജോലി ചെയ്യുന്നു. ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനിയുടെ മൂല്യം അതിന്റെ ഏറ്റവും ഉയര്‍ന്ന സമയത്ത് 8.58 ബില്യണ്‍ ഡോളര്‍ ആയിരുന്നു.

തന്റെ ഉടമസ്ഥതയിലുള്ള കമ്പനികളില്‍ മുന്‍ എക്‌സിക്യൂട്ടീവുകളുടെ ഒരു ചെറിയ സംഘം നടത്തിയ തട്ടിപ്പിന് താന്‍ ഇരയാണെന്ന് നേരത്തെ ഷെട്ടി പറഞ്ഞിരുന്നു. തന്റെ പേരില്‍ ബാങ്ക് അക്കൗണ്ടുകള്‍ സൃഷ്ടിച്ചതായും ഇടപാടുകള്‍ നടത്താതെ തന്നെ വ്യാജ ഒപ്പ് ഉപയോഗിച്ച് വായ്പകള്‍, ചെക്കുകള്‍, ബാങ്ക് ഇടപാടുകള്‍ എന്നിവയും നടന്നതായി ഷെട്ടി പറഞ്ഞിരുന്നു.

എന്‍.എം.സി ട്രേഡിംഗിനോ എന്‍.എം.സി ഹെല്‍ത്ത് കെയറിനോ നല്‍കിയ വായ്പകള്‍ക്ക് വ്യക്തിപരമായി ഗ്യാരണ്ടി നല്‍കുന്നില്ലെന്നും വായ്പകള്‍ ഉറപ്പുനല്‍കുന്ന ചെക്കുകളില്‍ ഒപ്പുകള്‍ വ്യാജമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top