News Desk

2021-04-15 07:34:29 pm IST
ദുബൈ: യു.എ.ഇയുടെ നൂറു മില്യണ്‍ മീല്‍സ് പദ്ധതിയിലേക്ക് രണ്ട് കോടി രൂപ സംഭാവന ചെയ്ത് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. ഇതിലൂടെ പത്തു ലക്ഷം പേരിലേക്ക് ഭക്ഷണമെത്തിക്കാനാകും.

റമദാനില്‍ 20 രാജ്യങ്ങളിലുള്ളവര്‍ക്ക് പത്ത് കോടി ഭക്ഷണപ്പൊതികള്‍ എത്തിക്കുന്ന പദ്ധതി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് പ്രഖ്യാപിച്ചത്. 

റമദാന്‍ മാസത്തോടനുബന്ധിച്ച് കോവിഡ് മൂലം ദുരിതത്തിലായ കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും സഹായഹസ്തം നല്‍കാന്‍ ലക്ഷ്യമിടുന്ന പദ്ധതി വിശിഷ്ടമായ മാനുഷിക സംരംഭങ്ങളിലൊന്നാണെന്ന് യൂസഫലി പറഞ്ഞു. സമൂഹത്തോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ എന്നും പ്രതിജ്ഞാബദ്ധമാണെന്നും ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന പദ്ധതിയെ പിന്തുണക്കുന്നതായും അദ്ദേഹം പറഞ്ഞു. 

താഴ്ന്ന വരുമാനക്കാര്‍, തൊഴിലാളികള്‍, കൊവിഡ് ദുരിതത്താല്‍ വലയുന്നവര്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍ എന്നിവരെ സഹായിക്കുകയാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം. ഐക്യരാഷ്ട്ര സഭയുമായി സഹകരിച്ചാണ് പദ്ധതി.

കഴിഞ്ഞ വര്‍ഷം റമദാനില്‍ 10 മില്യണ്‍ മീല്‍സ്  പ്രഖ്യാപിച്ചപ്പോഴും യൂസഫലി രണ്ട് കോടി രൂപ  സംഭാവന ചെയ്തിരുന്നു. ഇതിന് പുറമെ മുഹമ്മദ് ബിന്‍ റാഷിദ് ഗ്ലോബല്‍ ഇനിഷ്യേറ്റീവിന്റെ ആഭിമുഖ്യത്തിലുള്ള മഗ്ദി യാക്കൂബ് ഗ്ലോബല്‍ ഹാര്‍ട്ട് സെന്റര്‍ നിര്‍മ്മാണത്തിന് 30 ദശലക്ഷം ദിര്‍ഹമും അദ്ദേഹം സംഭാവന നല്‍കിയിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top