ദുബൈ: കോവിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായി യു.എ.ഇയിലെ ആരാധനാലയങ്ങളില്‍ പ്രാര്‍ഥനകള്‍ നിര്‍ത്തിവെച്ചു. മുസ്ലീം ആരാധനാലയങ്ങള്‍, ക്രിസ്ത്യന്‍ പള്ളികള്‍, ക്ഷേത്രങ്ങള്‍ തുടങ്ങി എല്ലാ ആരാധനാലയങ്ങളിലും പ്രാര്‍ഥനകളാണ് നിര്‍ത്തിയത്.
തിങ്കളാഴ്ച മുതല്‍ നാലാഴ്ചത്തേക്കാണ് നിയന്ത്രണം. ആരോഗ്യ- സാമൂഹിക സംരക്ഷണ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് തീരുമാനം. അതേസമയം, നിസ്കാരം വീടുകളില്‍ നടത്തണമെന്ന് നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു.
യു.എ.ഇയില്‍ ഇന്നുമുതല്‍ വിസാവിലക്ക് പ്രാബല്യത്തില്‍ വരും. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും മറ്റും വിസ ഓണ്‍ അറൈവല്‍ സൗകര്യം ലഭ്യമാകും. വിമാന യാത്രാവിലക്ക് ഉണ്ടാകില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. വെളിയിലുള്ള എല്ലാ പൗരന്മാരോടും തിരിച്ചെത്താന്‍ യു.എ.ഇ ആവശ്യപ്പെട്ടു.
അതേസമയം, വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് വീണ്ടും യു.എ.ഇ കര്‍ശന മുന്നറിയിപ്പുകള്‍ നല്കി. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ സ്റ്റോക്ക് തീരുന്നു എന്ന് പ്രചരിപ്പിച്ചാല്‍ നടപടി ഉണ്ടാകും. ആളുകളില്‍ അനാവശ്യ പരിഭ്രാന്തി രൂപപ്പെടുത്തുന്നവര്ക്കെതിരെ വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും യു.എ.ഇ വ്യക്തമാക്കി.
വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ഒരു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാണെന്ന് യു.എ.ഇ അറ്റോണി ജനറല്‍ ഡോ. ഹമദ് അല്‍ ഷംസി അറിയിച്ചു. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള വിപണന കേന്ദ്രങ്ങളില്‍ സ്റ്റോക്ക് തീരുന്നു എന്ന രീതിയില്‍ പോസ്റ്റിടുന്നതും ചിത്രം പ്രചരിപ്പിക്കുന്നതും കുറ്റകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ സ്വഭാവം അനുസരിച്ച് ശിക്ഷയുടെ ദൈര്‍ഘ്യം കൂടാനും കുറയാനും സാധ്യതയുണ്ട്. യു.എ.ഇ പൗരന്മാര്ക്കും പ്രവാസികള്‍ക്കും സഞ്ചാരികള്‍ക്കുമെല്ലാം ഈ നിയമം ബാധകമാണ്. സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍ സുരക്ഷ സംഘം കര്‍ശനമായി നിരീക്ഷിക്കുന്നുണ്ട്.