News Desk

2021-04-21 04:12:05 pm IST
അബുദാബി: ഫൈസര്‍-ബയോഎന്‍ടെക് കൊവിഡ് വാക്‌സിന് അംഗീകാരം നല്‍കി അബുദാബി. അബുദാബി സിറ്റി, അല്‍ ഐന്‍, അല്‍ ദഫ്‌റ എന്നിവിടങ്ങളിലായുള്ള 11 കേന്ദ്രങ്ങളില്‍ ഫൈസര്‍-ബയോഎന്‍ടെക് വാക്‌സിന്‍ ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു. മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് എടുക്കുന്നവര്‍ക്ക് മാത്രമാണ് വാക്‌സിന്‍ ലഭിക്കുക

അതേസമയം ചില വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് വാക്‌സിന്‍ ലഭ്യമാകില്ല. നേരത്തെ വാക്‌സിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ പങ്കെടുത്തവര്‍, മറ്റേതെങ്കിലും വാക്‌സിന്റെ ഒന്നോ അധിലധികമോ ഡോസ് സ്വീകരിച്ചവര്‍, ഗര്‍ഭിണികള്‍, ചില പ്രത്യേക ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍, വാക്‌സിന്റെ ഏതെങ്കിലും ഘടകത്തോട് അലര്‍ജിയുള്ളവര്‍, 16 വയസില്‍ താഴെ പ്രായമുള്ളവര്‍ എന്നിവര്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കില്ല.

ദേശീയ വാക്‌സിനേഷന്‍ പ്രചാരണത്തിന്റെ ഭാഗമായി സിനോഫാം വാക്‌സിന്‍ നല്‍കിയതിനു ശേഷം എമിറേറ്റില്‍ ലഭ്യമാക്കുന്ന രണ്ടാമത്തെ വാക്‌സിനാണിത്. എമിറേറ്റിലെ 133 സ്ഥലങ്ങളില്‍ സിനോഫാം വാക്‌സിന്‍ ലഭ്യമാണ്.

സേഹയുടെ ആറ് സെന്ററുകളില്‍ (അബുദാബിയില്‍ 1, അല്‍ ഐനില്‍ 2, അല്‍ ദഫ്‌റയില്‍ 1) വാക്‌സിനേഷന് അപ്പോയിന്റ്‌മെന്റ് എടുക്കാന്‍ 80050 എന്ന നമ്പറില്‍ ബന്ധപ്പെടണം. മുബാദല ഹെല്‍ത്തിന്റെ ഭാഗമായുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ (അബുദാബിയില്‍ 4, അല്‍ ഐനില്‍ 2) അപ്പോയിന്റ്‌മെന്റുകള്‍ക്കായി 8004959 എന്ന നമ്പറില്‍ വിളിക്കുകയോ MCV@telemed.ae എന്ന വിലാസത്തില്‍ ഇ-മെയില്‍ അയക്കുകയോ വേണം.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


 
Top