News Desk

2021-04-03 04:54:32 pm IST
കാലിഫോര്‍ണിയ: അന്ധയായ സ്ത്രീക്കും അവരുടെ വളര്‍ത്തുനായക്കും യാത്ര നിഷേധിച്ചതിനെ തുടര്‍ന്ന് പ്രമുഖ റൈഡ് ഷെയര്‍ ആപ്പായ ഊബറിന് 1.1 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ (7.33 കോടി രൂപ) പിഴ.

2016 മുതല്‍ 2018 വരെ പലതവണയായി ഊബറില്‍ യാത്ര നിഷേധിച്ചതായും ഡ്രൈവര്‍മാര്‍ മോശമായ വാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപിച്ചതായും ചൂണ്ടിക്കാട്ടി ലിസ ഇര്‍വിങ് എന്ന കാലിഫോര്‍ണിയ സ്വദേശിനി നല്‍കിയ പരാതിയിലാണ് നടപടി. 

ഊബറിന്റെ ഡ്രൈവര്‍മാര്‍ സ്ത്രീയോട് പല ദിവസങ്ങളിലായി 14 തവണയാണ് വിവേചനം കാട്ടിയതെന്ന് കേസിന്റെ മധ്യസ്ഥന്‍ ചൂണ്ടിക്കാട്ടി. താന്‍ വിവേചനം നേരിട്ടതായും നാണംകെടുത്തപ്പെട്ടതായും ലിസ ഒരു വീഡിയോ പ്രസ്താവനയില്‍ ആരോപിച്ചു.

ഒരു ഡ്രൈവറുടെ പെരുമാറ്റം തന്നെ പേടിപ്പെടുത്തുകയും താന്‍ സുരക്ഷിതയല്ലെന്ന് തോന്നിപ്പിക്കുകയും ചെയ്‌തെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ലിസ ഇര്‍വിങ്ങിന് 324,000 ഡോളര്‍ നഷ്ടപരിഹാരവും അറ്റോര്‍ണി ഫീസും കോടതി ചെലവുകളിലേക്കുമായി 800,000 ഡോളറില്‍ കൂടുതലും ലഭിച്ചുവെന്ന് അവരുടെ അഭിഭാഷകര്‍ വെളിപ്പെടുത്തി.

അതേസമയം, ഡ്രൈവര്‍മാരുടെ മോശം പെരുമാറ്റത്തിനും നിയമലംഘനത്തിനും അമേരിക്കയിലെ വികലാംഗ നിയമത്തിന്റെ (എ.ഡി.എ) കീഴില്‍ തങ്ങളെ ഉത്തരവാദികളാക്കരുതെന്ന ഊബറിന്റെ വാദം മധ്യസ്ഥന്‍ തള്ളി. 

ഡ്രൈവര്‍മാരുമായുള്ള കരാര്‍ ബന്ധത്തിന്റെ ഫലമായി ഊബര്‍ എ.ഡി.എയ്ക്ക് വിധേയമാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. എന്നാല്‍ തങ്ങള്‍ക്കെതിരായ വിധിയോട് വിയോജിക്കുന്നുവെന്നും വഴികാട്ടുന്നതടക്കമുള്ള സേവനങ്ങള്‍ ചെയ്യുന്ന വളര്‍ത്തുമൃഗങ്ങളുമായി വരുന്നവര്‍ക്ക് യാത്ര നിഷേധിക്കുന്ന ഡ്രൈവര്‍മാരെ തങ്ങളുടെ കമ്മ്യൂണിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ വിലക്കുന്നുണ്ടെന്നും ഊബറിന്റെ വക്താവ് ചൂണ്ടിക്കാട്ടി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top