News Desk

2021-03-16 04:02:42 pm IST
ലണ്ടന്‍: കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി യു.കെ ഏര്‍പ്പെടുത്തിയ റെഡ് ട്രാവല്‍ ലിസ്റ്റ് പുതുക്കി. ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങള്‍ യു.കെയുടെ പുതുക്കിയ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മാര്‍ച്ച് 19 (വെള്ളി) മുതല്‍ പുതുക്കിയ ലിസ്റ്റ് പ്രാബല്യത്തില്‍ വരും. 

എത്യോപ്യ, സൊമാലിയ, സ്‌കോട്ട്ലന്റ്, വെയില്‍സ്, വടക്കന്‍ അയര്‍ലാന്റ് എന്നിവയാണ് റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട മറ്റ് രാജ്യങ്ങള്‍. വെള്ളിയാഴ്ച്ച മുതല്‍ ഖത്തറില്‍ നിന്ന് ഇംഗ്ലണ്ടിലേക്ക് നേരിട്ട് വിമാന സര്‍വീസ് നടത്തുന്നത് നിരോധിച്ചു. കഴിഞ്ഞ 10 ദിവസങ്ങളില്‍ ഖത്തറിലൂടെ യാത്ര ചെയ്ത സന്ദര്‍ശകര്‍ക്കും നിലവില്‍ ഇംഗ്ലണ്ടിലേക്ക് പ്രവേശിക്കാന്‍ കഴിയില്ലെന്ന് ഖത്തറിലെ ബ്രിട്ടീഷ് എംബസി ട്വീറ്റ് ചെയ്തു. 

കൊവിഡിന്റെ അപകട സാധ്യത ഏറിയ രാജ്യങ്ങളെയാണ് റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത്. ലിസ്റ്റില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്ന് യു.കെ പൗരന്മാര്‍ക്ക് മാത്രമേ രാജ്യത്തേക്ക് യാത്ര ചെയ്യാന്‍ കഴിയൂ. ഇവര്‍ 1750 ബ്രിട്ടീഷ് പൗണ്ട് നല്‍കി സര്‍ക്കാര്‍ അംഗീകൃത ഹോട്ടലില്‍ ക്വാറന്റൈനില്‍ കഴിയണം. ക്വാറന്റൈന്‍ പാക്കേജ് ബുക്ക് ചെയ്യാതെ യു.കെയില്‍ എത്തിയാല്‍ 4000 പൗണ്ട് പിഴ ഈടാക്കുകയും ചെയ്യും. അതേസമയം പോര്‍ച്ചുഗല്‍, മൗറീഷ്യസ് എന്നീ രാജ്യങ്ങളെ റെഡ് ലിസ്റ്റില്‍ നിന്ന് യു.കെ ഒഴിവാക്കിയിട്ടുണ്ട്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top