News Desk

2022-06-23 01:31:09 pm IST
ദോഹ: ഖത്തര്‍ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളും, ജോലിസ്ഥലങ്ങളും മനോഹരമാക്കാനും അലങ്കരിക്കാനും അവസരമൊരുക്കി ബ്യൂട്ടിഫിക്കേഷന്‍ ആന്റ് സൂപ്പര്‍വൈസറി കമ്മറ്റി. ലെറ്റ്‌സ് സെലിബ്രേറ്റ്' എന്ന് സന്ദേശത്തോടെ കഴിഞ്ഞ ദിവസം സീന പദ്ധതിയ്ക്ക് തുടക്കമിട്ടു. 

2022ലെ ഫിഫ ലോകകപ്പിനോട് അനുബന്ധിച്ചുളള ആഘോഷ പരിപാടികള്‍ക്ക് പ്രചാരം നല്‍കാനും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മുനിസിപ്പാലിറ്റികള്‍, കമ്മ്യൂണിറ്റി അംഗങ്ങള്‍ എന്നിവരെ അവരുടെ ആഘോഷങ്ങള്‍ പ്രകടിപ്പിക്കുന്നതിനും പ്രധാന കായിക ഇനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമായിട്ടാണ് സീന പദ്ധതിക്ക് രൂപം നല്‍കിയയത്. 

പ്ലാസകള്‍, പാര്‍ക്കുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവയ്ക്ക് പുറമെ ജോലിസ്ഥലങ്ങള്‍, സ്‌കൂളുകള്‍, സര്‍വകലാശാലകള്‍, റിയല്‍ എസ്റ്റേറ്റ് എന്നിവയുടെ മുന്‍ഭാഗങ്ങള്‍ മനോഹരമാക്കാനും അലങ്കരിക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു. മുനിസിപ്പാലിറ്റി മന്ത്രാലയം, വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, സാംസ്‌കാരിക മന്ത്രാലയം, ഖത്തര്‍ മ്യൂസിയങ്ങള്‍, സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെയാണിത് പദ്ധതി നടപ്പിലാക്കുന്നതെന്ന് ഇന്നലെ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ഇതുസംബന്ധിച്ച് വിശദീകരിച്ചു.  

പദ്ധതി രണ്ട് ഭാഗങ്ങളായാണ് നടപ്പാക്കുന്നത്. ആദ്യത്തേത് പൗരന്മാരും താമസക്കാരും അവരുടെ താമസസൗകര്യങ്ങള്‍ അല്ലെങ്കില്‍ അവരുടെ റെസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍ അലങ്കരിച്ച്  പങ്കാളികളാകാം. രണ്ടാമത്തേത് മൂന്ന് വിഭാഗങ്ങള്‍ക്കായുള്ള മത്സരമാണ്. 

സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, സര്‍വ്വകലാശാലകള്‍, കിന്റര്‍ഗാര്‍ട്ടനുകള്‍, മുനിസിപ്പാലിറ്റികള്‍ എന്നിവ ഉള്‍പ്പെടുന്ന മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്. സ്‌കൂള്‍, കിന്റര്‍ഗാര്‍ടനുകള്‍, എന്നീ വിഭാഗത്തിലെ വിജയികള്‍ക്ക് 40,000 റിയാല്‍ സമ്മാനമായി ലഭിക്കും. കിന്റര്‍ഗാര്‍ടന്‍, പ്രൈമറി, പ്രിപ്പറേറ്ററി, സെക്കന്‍ഡറി, കംമ്പെയിന്‍ഡ് സ്‌കൂള്‍ പ്രായപരിധിയിലുള്ളവര്‍ക്കാണ് ഈ വിഭാഗത്തിലെ മത്സരം. വിജയിക്കുന്നവര്‍ക്ക് യാഥാക്രമം 40,000, 30,000, 20,000 റിയാല്‍ വീതം ലഭിക്കും. 

സര്‍വകലാശാലകളിലെ വിജയികള്‍ക്ക് യഥാക്രമം 60,000, 50,000, 40,000 എന്നിങ്ങനെ ലഭിക്കും. പൗരന്മാരില്‍ നിന്നും താമസക്കാരില്‍നിന്നും തെരഞ്ഞെടുക്കപ്പെടുന്നവ പ്രത്യേകം തയാറാക്കിയ വേദികളില്‍ പ്രദര്‍ശിപ്പിക്കുകയും അവര്‍ക്ക് ഇലക്ട്രോണിക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയും ചെയ്യും. ഈ ചിത്രങ്ങളും പങ്കാളിത്തവും ലോകകപ്പിന്റെ ലെഗസി പ്രവര്‍ത്തനങ്ങളായി രേഖപ്പെടുത്തപെടും. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തെ സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിക്കും. 'സീന' പദ്ധതിയില്‍ െപങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ https://zeeenah.ashghal.gov.qa/ വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മത്സരത്തിന്റെ നിബന്ധനകളും നിര്‍ദേശങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top