News Desk

2021-05-07 06:35:49 pm IST

ന്യൂഡല്‍ഹി: മുംബൈ അധോലോക നായകന്‍ ഛോട്ടാ രാജന്‍ (61) കൊവിഡ് ബാധിച്ച് മരിച്ചെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി എയിംസ് അധികൃതര്‍. ഛോട്ടാ രാജന്‍ ചികിത്സയില്‍ തന്നെ ഉണ്ടെന്ന് എയിംസ് അധികൃതര്‍ വ്യക്തമാക്കി. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 

കൊവിഡ് ബാധിച്ച് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഛോട്ടാ രാജന്‍ മരിച്ചെന്നാണ് നേരത്തെ പുറത്തുവന്ന വാര്‍ത്ത. രോഗബാധ സ്ഥിരീകരിച്ചതിനു പിന്നാലെ ഡല്‍ഹി എയിംസില്‍ ചികിത്സയിലാണ് രാജേന്ദ്ര സദാശിവ നികല്‍ജെ എന്ന ഛോട്ടാ രാജന്‍. തിഹാര്‍ ജയിലിലെ ഏകാന്ത തടവില്‍ കഴിഞ്ഞിരുന്ന രാജനെ രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ഏപ്രില്‍ 26-നാണ് എയിംസിലേക്ക് മാറ്റിയത്.

തിഹാര്‍ ജയിലില്‍ പാര്‍പ്പിച്ചിട്ടുള്ള 20000-ത്തില്‍പരം തടവുകാരില്‍ 170 പേര്‍ക്കും 60-തോളം ജയില്‍ ജീവനക്കാര്‍ക്കും ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, ഏകാന്ത സെല്ലില്‍ പാര്‍പ്പിച്ചിരുന്ന ഛോട്ടാ രാജന് വൈറസ് ബാധയുണ്ടായതെങ്ങനെയെന്നതില്‍ വ്യക്തതയുണ്ടായിരുന്നില്ല. ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതിരുന്ന ഏതെങ്കിലുമൊരു ജയില്‍ ഉദ്യോഗസ്ഥനില്‍ നിന്നാകാം രാജന് രോഗം പകര്‍ന്നതെന്നാണ് അധികൃതര്‍ പിന്നീട് നല്‍കിയ വിശദീകരണം.

കൊലപാതകവും പണംതട്ടലും ഉള്‍പ്പെടെ 70-ഓളം ക്രിമിനല്‍ കേസുകളാണ് ഛോട്ടാ രാജനെതിരെ മുംബൈയിലുള്ളത്. നേരത്തെ രാജ്യം വിട്ട ഛോട്ടാരാജനെ 2015-ലാണ് ഇന്തോനേഷ്യയില്‍നിന്ന് പിടികൂടി തിരികെ എത്തിച്ചത്. തുടര്‍ന്ന് തിഹാര്‍ ജയിലില്‍ പാര്‍പ്പിക്കുകയായിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top