News Desk

2021-02-02 04:57:19 pm IST
കോഴിക്കോട്: കത്‌വ, ഉന്നാവോ ഇരകളുടെ പേരില്‍ യൂത്ത് ലീഗ് പിരിച്ചെടുത്ത പണം ഇതുവരെയും ഇരകള്‍ക്ക് കൈമാറിയില്ലെന്ന ഗുരുതര ആരോപണവുമായി മുന്‍ ദേശീയ സമിതി അംഗം യൂസഫ് പടനിലം. 48 ലക്ഷം രൂപ പിരിച്ചതില്‍ ഒരുരൂപ പോലും ഇരകളുടെ കുടുംബത്തിന് കൈമാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പിരിച്ച പണം കേരളത്തിലെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ അടിച്ചുമാറ്റിയെന്നും ആരോപണത്തില്‍ യൂസഫ് ഉന്നയിച്ചു. 2019ല്‍ പി.കെ ഫിറോസ് നടത്തിയ യുവജനയാത്രയുടെ കടമുണ്ടെന്ന് പറഞ്ഞ് 15 ലക്ഷം രൂപ വകമാറ്റി. ആകെ പിരിച്ചെടുത്തതില്‍ ഒരു കോടിയോളം രൂപ ഇരകള്‍ക്ക് കൈമാറാതെ സംസ്ഥാന പ്രസിഡന്റ് പി കെ ഫിറോസ് അടക്കമുള്ള നേതാക്കള്‍ വിനിയോഗിച്ചുവെന്നും ആരോപണത്തില്‍ പറയുന്നു. എല്ലാവരും അതിവൈകാരികമായി ഉള്‍ക്കൊണ്ട കത്വ, ഉന്നാവോ ഇരകള്‍ക്കായി പിരിച്ച തുക നല്‍കാതിരിക്കുന്നത് അതീവ ഗുരുതരമായ വിഷയമായി താന്‍ കാണുന്നതായും യൂസഫ് പടനിലം പറഞ്ഞു. 

പിരിച്ചെടുത്ത പണം സംബന്ധിച്ച യാതൊരു കണക്കുകളും ദേശീയ കമ്മിറ്റിയ്ക്കുമുന്നില്‍ അവതരിപ്പിച്ചില്ല. കണക്ക് അവതരിപ്പിക്കാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും ഇതുവരെ കാര്യങ്ങളില്‍ വ്യക്തത വരാത്തതിനാലാണ് പൊതുവിടങ്ങളില്‍ ഇത് പറയേണ്ടിവരുന്നത്. സാമ്പത്തിക ക്രമക്കേടുകള്‍ ചോദ്യം ചെയ്ത ഹൈദരലി തങ്ങളുടെ മകന്‍ മുഈനലവി തങ്ങളെ പാര്‍ട്ടിയ്ക്കുള്ളില്‍ അപമാനിക്കാന്‍ ശ്രമങ്ങള്‍ നടന്നതായും യൂസഫ് പടനിലം പറയുന്നു. ഈ വിഷയത്തോടു കൂടി യൂത്ത് ലീഗിലെ രഹസ്യമായ പ്രശ്‌നങ്ങള്‍ പരസ്യമായ പൊട്ടിത്തെറിയിലേക്ക് വഴിതെളിയിച്ചിരിക്കുകയാണ്.

ഈ വിഷയവുമായി ബന്ധപ്പെട്ടാണ് യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍ ഗഫാര്‍ രാജിവെച്ചത്. സികെ സുബൈര്‍ ഉത്തരേന്ത്യന്‍ യാത്രകള്‍ നടത്താന്‍ ഈ ഫണ്ട് ഉപയോഗിച്ചു. കുഞ്ഞാലിക്കുട്ടി അടക്കമുള്ളവര്‍ക്ക് മുന്നില്‍ ഈ വിഷയം അവതരിപ്പിച്ചിരുന്നു. ആറുമാസത്തില്‍ പരിഹരിക്കാമെന്ന് കഴിഞ്ഞവര്‍ഷം പറഞ്ഞിരുന്നു. എന്നാല്‍ ഇതുവരെ പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിലാണ് വിഷയം പൊതുജനമധ്യത്തില്‍ വെളിപ്പെടുത്തിയതെന്നും ദേശീയ സമിതി അംഗം യൂസഫ് പടനിലം വ്യക്തമാക്കി. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH

Top