News Desk

2021-03-02 07:20:31 pm IST

കൊല്‍ക്കത്ത: ബംഗാളില്‍ മമത ബാനര്‍ജി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പശുക്കടത്തും ലൗ ജിഹാദും അടക്കമുള്ളവ തടയാന്‍ ബംഗാള്‍ സര്‍ക്കാറിനാകുന്നില്ലെന്ന് യോഗി പറഞ്ഞു. ബംഗാളിലെ മാല്‍ഡയിലെ ബി.ജെ.പി റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബംഗാളില്‍ 'ജയ് ശ്രീറാം' വിളിക്കാന്‍ പോലും അനുവാദമില്ലെന്ന് യോഗി പറഞ്ഞു. ബംഗാളില്‍ നിയമവാഴ്ചയില്ലെന്നും യോഗി കുറ്റപ്പെടുത്തി. ''ബംഗാളില്‍ വളരെ മോശം നിയമവാഴ്ചയാണ് നടക്കുന്നത്. ഒരു കാലത്ത് ഇന്ത്യയെ നയിച്ചിരുന്നത് ബംഗാള്‍ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവിടെ സ്ഥിതി വളരെ മോശമാണ്. ഇവിടെ നിയമവാഴ്ചയില്ല. ജയ് ശ്രീറാം വിളികള്‍ പോലും ഇവിടെ നിരോധിച്ചിരിക്കുന്നു. ഇങ്ങനെ തുടരാന്‍ ജനങ്ങള്‍ മമത സര്‍ക്കാരിനെ അനുവദിക്കില്ല. പശുക്കടത്തും ലവ് ജിഹാദും തടയുന്നതിലും മമത സര്‍ക്കാര്‍ പരാജയപ്പെട്ടു,'' യോഗി പറഞ്ഞു.

''ബംഗാളില്‍ ദുര്‍ഗാപൂജ നിരോധിക്കപ്പെട്ടു. ഈദ് പെരുന്നാളിന് പശുക്കളെ കശാപ്പ് ചെയ്യുന്നത് നിര്‍ബന്ധമാക്കി. പശുക്കടത്തിലൂടെ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തി. സംസ്ഥാന സര്‍ക്കാര്‍ ഇപ്പോഴെല്ലാം നിശബ്ദത പാലിക്കുന്നു.'', യോഗി കൂട്ടിച്ചേര്‍ത്തു.

''തൃണമൂല്‍ സര്‍ക്കാറിന് അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുന്നതിലാണ് പ്രശ്‌നം. അനധികൃത കുടിയേറ്റക്കാര്‍ സംസ്ഥാനത്ത് വരുന്നതില്‍ പ്രശ്‌നമില്ല. പശ്ചിമ ബംഗാളില്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ പശുക്കടത്ത് 24 മണിക്കൂറിനുള്ളില്‍ തടയുമെന്നും'' യോഗി പറഞ്ഞു.  

ബി.ജെ.പിയും തൃണമൂല്‍ കോണ്‍ഗ്രസും നേരിട്ടു ഏറ്റുമുട്ടുന്ന സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. ബംഗാളില്‍ നിന്ന് മമത സര്‍ക്കാരിനെ താഴെയിറക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ വെല്ലുവിളിച്ചിരുന്നു. ബി.ജെ.പിയുടെ ദേശീയ നേതാക്കളെല്ലാം ബംഗാളിലെത്തി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തും. ലോക്സഭാ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനം നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് ബി.ജെ.പി വിലയിരുത്തുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top