News Desk

2021-03-24 06:45:23 pm IST
കൊച്ചി: ഉത്തര്‍പ്രദേശില്‍ കന്യാസ്ത്രീകളെ അക്രമിച്ചതിന് പിന്നില്‍ എ.ബി.വി.പി പ്രവര്‍ത്തകരെന്ന് റെയില്‍വേ സൂപ്രണ്ട്. ഝാന്‍സി റെയില്‍വേ പോലീസ് സൂപ്രണ്ട് ആണ് വെളിപ്പെടുത്തല്‍ നടത്തിയത്. ഋഷികേശിലെ സ്റ്റഡി ക്യാമ്പ് കഴിഞ്ഞ് മടങ്ങുകയായിരുന്ന എ.ബി.വി.പിക്കാരായിരുന്നു അക്രമത്തിന് പിന്നിലെന്ന് റെയില്‍വെ സൂപ്രണ്ട് ഖാന്‍ മന്‍സൂരി പറഞ്ഞു. 

സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയതായും അദ്ദേഹം അറിയിച്ചു. നേരത്തെ ബജ്രംഗ്ദള്‍ പ്രവര്‍ത്തകരാണ് അതിക്രമം നടത്തിയതെന്നായിരുന്നു വിവരം. ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ വച്ചാണ് കന്യാസ്ത്രീകള്‍ക്കു നേരെ ആക്രമണം ഉണ്ടായത്. എബവിപി പ്രവര്‍ത്തകനായ അജയ് ശങ്കര്‍ തിവാരിയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. കന്യാസ്ത്രീകള്‍ സഞ്ചരിച്ച അതേ ട്രെയിനില്‍ സഞ്ചരിക്കുകയായിരുന്നു ഇയാളും. രണ്ട് യുവതികളോട് കന്യാസ്ത്രീകള്‍ സംസാരിക്കുന്നതുകണ്ട തിവാരി മതപരിവര്‍ത്തനം ആരോപിച്ച് സഹപ്രവര്‍ത്തകരെ വിളിച്ചുവരുത്തുകയായിരുന്നു. എബിവിപി, ഹിന്ദുജാഗരണ്‍ മഞ്ച് പ്രവര്‍ത്തകരെയാണ് ഇയാള്‍ വിവരം അറിയിച്ചത്. ഇവര്‍ ഉടന്‍ തന്നെ ഝാന്‍സി റെയില്‍വെ സ്റ്റേഷനില്‍ എത്തുകയും ഇവിടെവച്ച് കന്യാസ്ത്രീകളെ ട്രെയിനില്‍നിന്ന് ബലംപ്രയോഗിച്ച് ഇറക്കുകയും ചെയ്തു.

എസ്.എച്ച്  സന്യാസിനി സമൂഹത്തിന്റെ ഡല്‍ഹി പ്രോവിന്‍സിലെ നാലു കന്യാസ്ത്രീകള്‍ക്കാണ് ദുരനുഭവം നേരിട്ടത്. അതിനിടെ അക്രമത്തിന് പിന്നിലുള്ളവരെ വൈകാതെ തന്നെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് വാക്കു തരുന്നതായി അമിത് ഷാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറയുകയുണ്ടായി. സംഭവത്തില്‍ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും, പ്രതിപക്ഷ നേതാവും ആഭ്യന്തര മന്ത്രിയോടും, പ്രധാനമന്ത്രിയോടും ആവശ്യപ്പെട്ടിരുന്നു.






Top