News Desk

2021-03-20 03:58:09 pm IST
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വ്യാജ ഡോക്ടര്‍ ഷേവിങ് ബ്ലേയ്ഡ് ഉപയോഗിച്ച് സിസേറിയന്‍ ചെയ്തതിനെ തുടര്‍ന്ന് യുവതിക്കും നവജാത ശിശുവിനും ദാരുണാന്ത്യം. സുല്‍ത്താന്‍പുര്‍ ജില്ലയിലെ സായ്നി ഗ്രാമത്തില്‍ ശാരദ ആശുപത്രിയിലാണ് സംഭവം. 33 കാരിയായ പൂനവും അവരുടെ നവജാത ശിശുവുമാണ് മരിച്ചത്. 

ചികിത്സാ പിഴവിനെ തുടര്‍ന്ന് ഭാര്യയും കുഞ്ഞും മരിച്ചുവെന്ന ഭര്‍ത്താവ് രാജാറാമിന്റെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തിയ രാജേന്ദ്ര ശുക്ല ക്ലിനിക്കില്‍ ജോലിചെയ്തുവരികയായിരുന്നുവെന്നും യുവതിയെ പ്രസവ വേദനയുമായി ആശുപത്രിയിലെത്തിച്ചപ്പോള്‍ ഷേവിങ് ബ്ലേയ്ഡ് ഉപയോഗിച്ചാണ് ഓപ്പറേഷന്‍ നടത്തിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. കുഞ്ഞു ജനിച്ച് മിനിട്ടുകള്‍ക്കകം മരിച്ചു.

ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് യുവതിയെ പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു. രക്തം വാര്‍ന്നായിരുന്നു യുവതിയുടെ മരണം. രാജേഷ് സാഹ്നി എന്നയാളാണ് ക്ലിനിക്ക് നടത്തിയിരുന്നത്. രാജേന്ദ്ര ശുക്ലയാണ് ശസ്ത്രക്രിയകള്‍ കൈകാര്യം ചെയ്തിരുന്നത്.

ലൈസന്‍സ് ഇല്ലാതെയായിരുന്നു ക്ലിനിക്കിന്റെ പ്രവര്‍ത്തനമെന്നും ഓപ്പറേഷന്‍ നടത്തുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ഇല്ലാത്ത ഇവിടെ റേസര്‍ ബ്ലേഡുകള്‍ ഉപയോഗിച്ചാണ് ഓപ്പറേഷനുകള്‍ നടത്തിയിരുന്നതെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top