News Desk

2021-05-06 10:13:37 am IST

ന്യൂയോര്‍ക്ക്: കൊവിഡ് വാക്സിന്‍ കമ്പനികളുടെ കുത്തക തകര്‍ക്കുന്ന നിര്‍ണായക തീരുമാനവുമായി അമേരിക്ക. വാക്സിനുകളുടെ പേറ്റന്റ് എടുത്തുകളയുമെന്ന് ജോ ബൈഡന്‍ ഭരണകൂടം പ്രഖ്യാപിച്ചു. വാക്സിന്‍ കമ്പനികളുടെ എതിര്‍പ്പ് മറികടന്നുകൊണ്ടാണ് തീരുമാനം.

വ്യാപാരങ്ങള്‍ക്ക് ബൗദ്ധിക സ്വത്തവകാശം പ്രധാനമാണെങ്കിലും പകര്‍ച്ചവ്യാധി അവസാനിപ്പിക്കുന്നതിനായി അമേരിക്കന്‍ ഭരണകൂടം കൊവിഡ് വാക്സിനുകള്‍ക്കുള്ള സംരക്ഷണം ഒഴിവാക്കുന്നതിനെ പിന്തുണയ്ക്കുന്നുവെന്ന് യു.എസ് ട്രേഡ് പ്രതിനിധി കാതറിന്‍ തായ് പറഞ്ഞു. ഇതൊരു ആഗോള ആരോഗ്യ പ്രതിസന്ധിയാണെന്നും കൊവിഡ് മഹാമാരിയുടെ അസാധാരണ സാഹചര്യത്തില്‍ അസാധാരണമായ നടപടി സ്വീകരിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

കൊവിഡ് രോഗവ്യാപനം അതിരൂക്ഷമായ ഇന്ത്യയാണ് കൂടുതല്‍ മരുന്നു കമ്പനികളെ വാക്സിന്‍ ഉത്പാദിപ്പിക്കാന്‍ അനുവദിക്കണമെന്ന ആവശ്യമുന്നയിക്കുന്നതില്‍ മുന്‍നിരയില്‍ നിന്നത്. ദക്ഷിണാഫ്രിക്കയും സമാന ആവശ്യം ഉന്നയിച്ച് ലോകവ്യാപാര സംഘടനയെ സമീപിച്ചിരുന്നു. എന്നാല്‍ വാക്സിന്‍ ഉത്പാദക കമ്പനികള്‍ ഇതിനെ എതിര്‍ത്തു. 

ഫൈസര്‍, മൊഡേണ അടക്കമുള്ള കമ്പനികള്‍ ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് പോകരുതെന്ന് ആവശ്യപ്പെടുകയും തങ്ങളുടെ എതിര്‍പ്പ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍, അതെല്ലാം തള്ളിക്കൊണ്ടാണ് അസാധാരണ ഘട്ടത്തില്‍ അസാധാരണ തീരുമാനം അനിവാര്യമാകുമെന്ന് അമേരിക്ക പ്രഖ്യാപിച്ചത്. 

തീരുമാനം ലോകവ്യാപാര സംഘനയെ അറിയിക്കും. അമേരിക്കന്‍ തീരുമാനത്തെ ലോകാരോഗ്യ സംഘടന സ്വാഗതം ചെയ്തു. ബൈഡന്റെ തീരുമാനത്തെ ചരിത്രപരം എന്നാണ് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് വിശേഷിപ്പിച്ചത്. 

പേറ്റന്റ് നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ സാധിച്ചാല്‍ കൂടുതല്‍ കമ്പനികള്‍ക്കു വാക്‌സിന്‍ നിര്‍മിക്കാനാകും. വളരെ വേഗം ലോകജനതയ്ക്ക് അവ ലഭ്യമാകും. 

യു.എസ് കമ്പനികളുടെ വാക്‌സിന്‍ പേറ്റന്റുകള്‍ താല്‍ക്കാലികമായി മരവിപ്പിക്കണമെന്നും കൂടുതല്‍ കമ്പനികള്‍ക്ക് അവ ഉല്‍പാദിപ്പിക്കാന്‍ അനുമതി നല്‍കണമെന്നും ഡെമോക്രാറ്റ് അംഗങ്ങളും നൂറിലധികം രാജ്യങ്ങളും നിരന്തരം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് നിര്‍ണായക തീരുമാനം.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top