News Desk

2021-05-05 07:35:13 pm IST
ദോഹ: അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള സൈനിക പിന്മാറ്റത്തിന്റെ ഭാഗമായി രണ്ട് യു.എസ് എയര്‍ഫോഴ്‌സ് ബി-52 എച്ച് സ്ട്രാറ്റോഫോര്‍ട്രെസ് വിമാനങ്ങള്‍ ഖത്തറിലെത്തി. ഖത്തറിലെ അല്‍ ഉദെയ്ദ് എയര്‍ ബേസിലാണ് വിമാനങ്ങള്‍ ഇറങ്ങിയതെന്ന് അമേരിക്കന്‍ എയര്‍ഫോഴ്‌സ് സെന്‍ട്രല്‍ അറിയിച്ചു.

അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്ക സൈന്യത്തെ പിന്‍വലിക്കുമ്പോള്‍ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായാണ് വിമാനങ്ങള്‍ ഖത്തറിലെത്തിയത്. ഏപ്രിലില്‍ നാല് ബി -52 വിമാനങ്ങളും ഖത്തറില്‍ എത്തിയിരുന്നു. 

മെന (പശ്ചിമേഷ്യ-വടക്കന്‍ ആഫ്രിക്ക) മേഖലയിലെ ഏറ്റവും വലിയ അമേരിക്കന്‍ സൈനിക താവളമാണ് അല്‍ ഉദെയിദ് എയര്‍ ബേസ്. കുറഞ്ഞത് 10,000 യു.എസ് സൈനികരും നൂറിലധികം സൈനിക വിമാനങ്ങളും ഇവിടെയുണ്ട്.

നിലവില്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്ക സി-17 വിമാനങ്ങളില്‍ 60 ലോഡ് വസ്തുക്കളും 
1,300 ലധികം ഉപകരണങ്ങളും നീക്കം ചെയ്തിട്ടുണ്ട്. സെപ്റ്റംബര്‍ 11-നകം ബാക്കിയുള്ള 2,500 മുതല്‍ 3,500 വരെ സൈനികരെയും 7,000 നാറ്റോ സൈനികരെയും പിന്‍വലിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 

അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്‍വലിക്കുന്ന സൈനികരെ എവിടേയ്ക്കാണ് മാറ്റി പോസ്റ്റ് ചെയ്യേണ്ടതെന്ന കാര്യത്തില്‍ പ്രതിരോധ വകുപ്പായ പെന്റഗണ്‍ തീരുമാനമെടുക്കും. ഇതിനു വേണ്ടി സഖ്യകക്ഷികളുമായി ചര്‍ച്ച നടത്തിവരികയാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. താജിക്കിസ്ഥാന്‍, കസാക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലേയ്ക്കാണ് സൈന്യത്തെ മാറ്റുക എന്ന സൂചനയും പുറത്തുവരുന്നുണ്ട്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top