News Desk

2021-04-03 11:04:38 am IST
വാഷിങ്ടണ്‍: പൊലീസുദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട ക്യാപിറ്റോള്‍ ആക്രമണത്തില്‍ പ്രതികരണവുമായി പ്രസിഡന്റ് ജോ ബൈഡന്‍. സുരക്ഷാവലയത്തിലേക്ക് അഞ്ജാന്‍ നടത്തിയ കാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന്റെ ദുഖത്തിനൊപ്പം രാജ്യം ഒന്നാകെ ചേരുന്നു എന്ന് ബൈഡന്‍ പറഞ്ഞു.

ഇന്നലെയാണ് ക്യാപിറ്റോള്‍ മന്ദിരത്തിലേക്ക് കാര്‍ ഇടിച്ചു കയറ്റിയും കത്തി വീശിയും അക്രമി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. വില്യം ഇവാന്‍ എന്ന പൊലീസുകാരനാണ് കൊല്ലപ്പെട്ടത്. മറ്റൊരു പൊലീസുകാരന് ഗുരുതരമായി പരിക്കേറ്റിട്ടും ഉണ്ട്. 

'യു.എസ് ക്യാപിറ്റോള്‍ മന്ദിരത്തിലെ സെക്യൂരിറ്റി ചെക്ക് പോയിന്റിലുണ്ടായ ആക്രമണത്തില്‍ യു.എസ് ക്യാപിറ്റോള്‍ പൊലീസിലെ അംഗമായ വില്യം ഇവാന്‍സ് എന്ന ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും ഗുരുതര പരിക്കേറ്റ മറ്റൊരു ഉദ്യോഗസ്ഥന്‍ ജീവനുവേണ്ടി പോരാടിക്കൊണ്ടിരിക്കുകയാണെന്നും അറിഞ്ഞപ്പോള്‍ എന്റെയും ഭാര്യ ജില്ലിന്റെയും ഹൃദയം തകര്‍ന്നുപോയി. ഓഫീസര്‍ ഇവാന്‍സിന്റെ കുടുംബത്തിനും അദ്ദേഹത്തിന്റെ മരണത്തില്‍ ദുഖിക്കുന്ന ഓരോരുത്തര്‍ക്കും അനുശോചനങ്ങള്‍ അറിയിക്കുന്നു,' ബൈഡന്റെ പ്രസ്താവനയില്‍ പറയുന്നു'.

സുരക്ഷാസേനാംഗങ്ങളെ ആക്രമിക്കാനെത്തിയയാളെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി. അക്രമി വാഹനത്തില്‍ ചീറിപ്പാഞ്ഞെത്തി ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നോട്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടിയിലാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര പരിക്കേറ്റത്. ആക്ടിംഗ് ചീഫ് യൊഗാണ്ട പിറ്റ്മാനാണ് മാധ്യമങ്ങളെ ഇക്കാര്യങ്ങള്‍ അറിയിച്ചത്.

ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ലെങ്കിലും ഭീകരാക്രമണം അല്ലെന്നാണ് പ്രാഥമിക സൂചന. അക്രമിയെ കുറിച്ചുള്ള ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടത്തിവരികയാണെന്നും മെട്രോപൊളിറ്റന്‍ പൊലീസ് ചീഫ് റോബര്‍ട്ട് കോന്റി അറിയിച്ചു.

ജനുവരിയില്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അനുകൂലികള്‍ നടത്തിയ പ്രതിഷേധത്തിന് ഒടുവില്‍ നടന്ന ക്യാപിറ്റോള്‍ കലാപത്തില്‍ ഒരു പൊലീസുകാരനടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു. ട്രംപ് അനുകൂലികള്‍ വീണ്ടും ആക്രമണം നടത്തിയേക്കാമെന്ന് റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ക്യാപിറ്റോളും പരിസര പ്രദേശങ്ങളും കടുത്ത സുരക്ഷയിലായിരുന്നു.




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top