News Desk

2021-06-08 05:21:29 pm IST

വാഷിംഗ്ടണ്‍: കൊറോണ വൈറസ് വുഹാന്‍ ലാബില്‍ നിന്നും ചോര്‍ന്നതാകാമെന്ന യു.എസ് പഠന റിപ്പോര്‍ട്ട് പുറത്ത് വിട്ട് വാള്‍സ്ട്രീറ്റ് ജേണല്‍. യു.എസ് സര്‍ക്കാറിന്റെ കീഴിലുള്ള നാഷണല്‍ ലബോറിട്ടറിയാണ് പഠനം നടത്തിയത്. 

ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പരിശോധന വേണമെന്നും പഠനത്തില്‍ പറയുന്നു. ഇത് സംബന്ധിച്ച് വീണ്ടും അന്വേഷണം നടത്താന്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു നിര്‍ദേശം നല്‍കി എന്നും റിപ്പോര്‍ട്ടുകളുണ്ട്.

കാലിഫോര്‍ണിയയിലെ ലോറന്‍സ് ലിവ്‌മോര്‍ നാഷണല്‍ ലബോറട്ടറിയാണ് കൊറോണ വൈറസിനെ കുറിച്ചുള്ള പഠനം നടത്തുന്നത്. മുന്‍ യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അധികാരമൊഴിയാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയായിരുന്നു പഠനം. കൊറോണ വൈറസിന്റെ ജീനുകളെ പഠനവിധേയമാക്കിയാണ് ലബോറട്ടറി പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ചൈന കൊറോണ വൈറസ് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനു മുമ്പ് വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൂന്നു ഗവേഷകര്‍ രോഗബാധിതരായി ചികിത്സ തേടിയിരുന്നുവെന്ന് യു.എസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് ചൈന സുതാര്യത പുലര്‍ത്തുന്നില്ലെന്നാണ് അമേരിക്കയുടെ ആരോപണം.

കൊറോണ വൈറസിന്റെ ഉത്ഭവത്തെ കുറിച്ച് രണ്ട് സാധ്യതകളാണ് യു.എസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നോട്ട് വെക്കുന്നത്. വൈറസ് വുഹാനിലെ ലാബില്‍ നിന്ന് ചോര്‍ന്നതാകാമെന്ന് യു.എസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നുണ്ട്. അല്ലെങ്കില്‍ മൃഗങ്ങളില്‍ നിന്ന് വൈറസ് മനുഷ്യരിലേക്ക് പകര്‍ന്നതാകാം.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top