News Desk

2022-02-25 12:25:51 pm IST
വാഷിംഗ്ടണ്‍: യുക്രൈനില്‍ ആരംഭിച്ചതിന്റെ പശ്ചാത്തലത്തില്‍ റഷ്യക്കെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക. റഷ്യയുമായി നേരിട്ട് യുദ്ധത്തിനില്ലെന്നും കൂടുതല്‍ സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. 

യുക്രൈനിലേക്ക് സൈന്യത്തെ അയക്കില്ലെന്നും പുടിനുമായി ചര്‍ച്ചക്കില്ലെന്നും ബൈഡന്‍ വ്യക്തമാക്കി. യുദ്ധം ആരംഭിച്ചതിന് പിന്നാലെ റഷ്യക്കെതിരെ കടുത്ത സാമ്പത്തിക ഉപരോധവും അമേരിക്ക പ്രഖ്യാപിച്ചു.

അമേരിക്കയിലെഎല്ലാ റഷ്യന്‍ സ്വത്തുക്കളും മരവിപ്പിച്ചതായി ബൈഡന്‍ അറിയിച്ചു. റഷ്യയിലേക്കുള്ള കയറ്റുമതിയില്‍ നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. റഷ്യയ്‌ക്കെതിരെ ശക്തമായി പ്രതിരോധിക്കുമെന്നും ബൈഡന്‍ വ്യക്തമാക്കി.

പുടിന്‍ നേരത്തെ മുന്‍കൂട്ടി തന്നെ യുദ്ധം തീരുമാനിച്ചിരുന്നുവെന്നും യുദ്ധം തുടങ്ങിയവര്‍ തന്നെ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും ബൈഡന്‍ മുന്നറിയിപ്പ് നല്‍കി. 

റഷ്യയുടെ നാല് പ്രധാനപ്പെട്ട ബാങ്കുകള്‍ക്കുമേല്‍കൂടി ഉപരോധം ഏര്‍പ്പെടുത്തി. ഇവരുടെ അമേരിക്കയിലുള്ള ആസ്തികള്‍ മരവിപ്പിക്കും. 21-ാം നൂറ്റാണ്ടില്‍ ഹൈടെക് സമ്പദ് വ്യവസ്ഥയില്‍ മത്സരിക്കാനുള്ള റഷ്യയുടെ കഴിവിനെ തടസ്സപ്പെടുത്തുമെന്നും ബൈഡന്‍ അറിയിച്ചു.

യുക്രൈന്‍ പിടിച്ചെടുക്കുന്നതിനേക്കാള്‍ വലിയ ആഗ്രഹം പുടിനുണ്ട്. സോവിയറ്റ് യൂണിയന്റെ പുനസ്ഥാപനമാണ് പുടിന്റെ ലക്ഷ്യം. അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ റഷ്യയെ ദുര്‍ബലമാക്കും. കയറ്റുമതി നിയന്ത്രണം അടക്കമുള്ള ഉപരോധങ്ങള്‍ റഷ്യക്ക് ദീര്‍ഘകാല പ്രത്യാഘാതം സൃഷ്ടിക്കുന്നതാണെന്നും ബൈഡന്‍ പറഞ്ഞു.

അതേസമയം, റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെ ന്യായീകരിച്ച് പ്രസിഡന്റ് വ്ലാദിമര്‍ പുടിന്‍ രംഗത്തെത്തി. റഷ്യയെ സംരക്ഷിക്കാന്‍ മറ്റൊരു മാര്‍ഗവുമുണ്ടായിരുന്നില്ലെന്നാണ് പുടിന്റെ വിശദീകരണം. റഷ്യയുടെ പരമാധികാരം സംരക്ഷിക്കാന്‍ ഇതേ മാര്‍ഗമുണ്ടായിരുന്നുള്ളു എന്ന് പുടിന്‍ പറയുന്നു.

ഇതിനിടെ ചെര്‍ണോബില്‍ ആണവ നിലയമടക്കം റഷ്യ പിടിച്ചെടുത്തെന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ചെര്‍ണോബിലില്‍ പോരാട്ടം അവസാനിച്ചെന്നും പ്രദേശം റഷ്യയുടെ നിയന്ത്രണത്തിലായെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top