News Desk

2021-10-15 09:35:03 pm IST

വാഷിങ്ടണ്‍: കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിദേശത്തുനിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് അമേരിക്ക. കൊവിഡ് പ്രതിരോധ വാക്സിന്റെ രണ്ടു ഡോസും സ്വീകരിച്ച വിദേശത്തുനിന്നുള്ള യാത്രക്കാര്‍ക്ക് വ്യോമ-കര-നാവിക മാര്‍ഗങ്ങളിലൂടെ അമേരിക്കയിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കും. നവംബര്‍ എട്ടു മുതലാണ് അനുമതി പ്രാബല്യത്തില്‍ വരിക.

കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി 2020 മാര്‍ച്ചിനു ശേഷം വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്ക യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യ, യൂറോപ്യന്‍ യൂണിയന്‍, ബ്രിട്ടന്‍, ചൈന, ബ്രസീല്‍, മെക്സിക്കോ, കാനഡ തുടങ്ങി വിവിധ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കായിരുന്നു വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. 

യാത്രാവിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട നയത്തിന്റെ രൂപരേഖ കഴിഞ്ഞമാസമാണ് തയ്യാറാക്കിയത്. ഇതനുസരിച്ച് വിമാനയാത്രികര്‍, യാത്രയുടെ മൂന്നുദിവസം മുന്‍പ് കൊവിഡ് പരിശോധന നടത്തണം. സമ്പര്‍ക്ക ഉറവിടം കണ്ടെത്താനുള്ള സംവിധാനം വിമാനക്കമ്പനികള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്. 

രണ്ടു ഘട്ടമായാണ് കര അതിര്‍ത്തി തുറന്നു കൊടുക്കുക. ഒന്നാം ഘട്ടത്തില്‍, വിനോദസഞ്ചാരം പോലുള്ള അടിയന്തര സ്വഭാവമില്ലാത്ത സന്ദര്‍ശനങ്ങള്‍ക്ക് എത്തുന്നവര്‍ വാക്സിന്റെ രണ്ടുഡോസും സ്വീകരിച്ചിരിക്കണം. അടിയന്തര സ്വഭാവമുള്ള സന്ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് ഈ നിബന്ധനയില്ല. 

സന്ദര്‍ശനത്തിന് അടിയന്തര സ്വഭാവമാണ് ഉള്ളതെങ്കില്‍, കഴിഞ്ഞ ഒന്നര വര്‍ഷമായി വാക്സിന്‍ സ്വീകരിക്കാത്തവര്‍ക്ക് ഉള്‍പ്പെടെ അനുമതി നല്‍കിവരുന്നുണ്ട്. രണ്ടാംഘട്ടം 2022 ജനുവരി ആദ്യം മുതല്‍ ആരംഭിക്കും. സന്ദര്‍ശനത്തിന്റെ സ്വഭാവം എന്തുതന്നെ ആണെങ്കിലും കരമാര്‍ഗം അമേരിക്കയില്‍ പ്രവേശിക്കണമെങ്കില്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിരിക്കണം. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top