News Desk

2021-02-01 04:03:18 pm IST

യാങ്കൂണ്‍: മ്യാന്‍മറിലെ സൈനിക അട്ടിമറിക്കു പിന്നാലെ സൈന്യത്തിന് കര്‍ശന താക്കീത് നല്‍കി യു.എസ് ഭരണകൂടം. മ്യാന്‍മറിലെ ജനാധിപത്യ ഭരണകൂടത്തെ അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്നും പിന്മാറിയില്ലെങ്കില്‍ നടപടിയെന്നും യു.എസ് മുന്നറിയിപ്പ് നല്‍കി.

ഒരു വര്‍ഷത്തേക്ക് മ്യാന്‍മറില്‍ പട്ടാളഭരണവും അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചതിലാണ് മുന്നറിയിപ്പ്. ദേശീയ നേതാവായ ഓങ് സാന്‍ സ്യൂചി, പ്രസിഡന്റ് വിന്‍ മിന്റ തുടങ്ങിയവരെ ഉടന്‍ വിട്ടയക്കാന്‍ മ്യാന്‍മര്‍ സൈന്യത്തോട് അമേരിക്ക ആവശ്യപ്പെട്ടു. 

''സമീപകാല തെരഞ്ഞെടുപ്പ് ഫലത്തില്‍ മാറ്റം വരുത്താനോ മ്യാന്‍മറിന്റെ ജനാധിപത്യ പരിവര്‍ത്തനത്തെ തടസ്സപ്പെടുത്താനോ ഉള്ള ഏതൊരു ശ്രമത്തെയും അമേരിക്ക എതിര്‍ക്കുന്നു. ഈ നടപടികള്‍ തിരിച്ചെടുത്തില്ലെങ്കില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കും.'', വൈറ്റ് ഹൗസ് വക്താവ് ജെന്‍ സാകി പ്രസ്താവനയില്‍ പറഞ്ഞു.

''ജനാധിപത്യ മാനദണ്ഡങ്ങളും നിയമവാഴ്ചയും പാലിക്കണമെന്നും ഇന്ന് തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കണമെന്നും ഞങ്ങള്‍ സൈന്യത്തോടും മറ്റെല്ലാ പാര്‍ട്ടികളോടും അഭ്യര്‍ത്ഥിക്കുന്നു.'', അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രവിശ്യ മുഖ്യമന്ത്രിമാര്‍, ഭരണകക്ഷിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കേന്ദ്ര എക്‌സിക്യൂട്ടിവ് അംഗം പാന്‍ താര്‍ മൈന്റ് ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളെയാണ് സൈന്യം അറസ്റ്റ് ചെയ്തിരിക്കുന്നത്. 

നവംബര്‍ എട്ടിന് നടന്ന പൊതു തെരഞ്ഞെടുപ്പിന് ശേഷം ആദ്യ പാര്‍ലമെന്റ് സമ്മേളനം ഇന്ന് ചേരാനിരിക്കെയാണ് സൂചി അടക്കമുള്ളവരെ സൈന്യം തടങ്കലിലാക്കിയത്. കമാന്‍ഡര്‍ ഇന്‍ ചീഫ് മിന്‍ ആങ് ഹേലിങ്ങിന് അധികാരം കൈമാറുകയാണെന്ന് സൈന്യം അറിയിച്ചിരുന്നു. 

നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ഓങ് സാന്‍ സൂചിയുടെ നാഷനല്‍ ലീഗ് ഫോര്‍ ഡമോക്രസി (എന്‍.എല്‍.ഡി) വന്‍ ഭൂരിപക്ഷം നേടിയിരുന്നു. തെരഞ്ഞെടുപ്പില്‍ 476 സീറ്റില്‍ 396 സീറ്റും സൂചി നേടി. വെറും 33 സീറ്റ് മാത്രമുള്ള സൈന്യത്തിന്റെ പിന്തുണയുള്ള പ്രതിപക്ഷ പാര്‍ട്ടിയായ യു.എസ്.ഡി.പി ഈ വിജയം അംഗീകരിച്ചിരുന്നില്ല.

അട്ടിമറി നടന്നുവെന്ന ആരോപണം യു.എസ്.ഡി.പി സജീവമായി ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മ്യാന്‍മറില്‍ സൈനിക അട്ടിമറി നടന്നിരിക്കുന്നത്. 50 വര്‍ഷം നീണ്ട സൈനിക ഭരണം അവസാനിപ്പിച്ച് 2015 ലാണ് എന്‍.എല്‍.ഡി അധികാരത്തിലെത്തിയത്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 

Top