News Desk

2021-10-13 01:47:25 pm IST
കൊല്ലം: അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഉത്ര വധക്കേസിലെ പ്രതി സൂരജിന് കോടതി വധശിക്ഷ നല്‍കാതിരുന്നത് പ്രതിയുടെ പ്രായവും പശ്ചാത്തലവും പരിഗണിച്ച്.

കേസില്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ട പരമാവധി ശിക്ഷയായ വധശിക്ഷയില്‍ നിന്നും ഒഴിവാക്കി കൊലപാതകുറ്റം ഒഴികെ മറ്റെല്ലാ കേസുകളിലും പരമാവധി ശിക്ഷ വിധിച്ചുകൊണ്ടാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധി പ്രഖ്യാപിച്ചത്.

സൂരജിന്റെ പ്രായം ചെറുപ്പമാണെന്ന ഘടകം പരിശോധിച്ച കോടതി മാനസാന്തര സാധ്യത പരിഗണിച്ച് വധശിക്ഷ ഒഴിവാക്കുകയായിരുന്നു. പ്രതിയുടെ പ്രായവും ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത ഭൂതകാലവും കോടതി പരിഗണിക്കുകയായിരുന്നു.

വധശിക്ഷയ്ക്ക് സുപ്രീംകോടതി നിശ്ചയിച്ചിട്ടുളള അഞ്ച് കുറ്റങ്ങളില്‍ നാലും പ്രതിയായ സൂരജ് ചെയ്‌തെന്ന് അവസാന വാദത്തില്‍ പ്രോസിക്യൂഷന്‍ കോടതിയെ ധരിപ്പിച്ചിരുന്നു. എന്നാല്‍ സൂരജിന്റെ പ്രായം കണക്കിലെടുത്ത് വധശിക്ഷ ഒഴിവാക്കുകയായിരുന്നു.

ഇതോടെ ഐ.പി.സി 302-ാം വകുപ്പ് പ്രകാരം കൊലപാതകത്തിനും ഐ.പി.സി 307 -ാം വകുപ്പ് പ്രകാരം വധശ്രമത്തിനുമായി ഇരട്ട ജീവപര്യന്തത്തിന് കോടതി സൂരജിനെ ശിക്ഷിച്ചു. കൊലപാതക കുറ്റത്തിന് ജീവപര്യന്തത്തിനൊപ്പം അഞ്ചു ലക്ഷം രൂപ പിഴയും പ്രതി ഒടുക്കണം.

കൊലപാതകം, വധശ്രമം എന്നീ കുറ്റങ്ങള്‍ക്ക് പുറമെ ഐപിസി 328-ാം വകുപ്പ് പ്രകാരം വിഷമുപയോഗിച്ച് ദേഹോപദ്രവം ഏല്‍പ്പിക്കാനുള്ള ശ്രമത്തിന് ലഭിക്കാവുന്ന പരമാവധി ശിക്ഷയായ പത്തുവര്‍ഷത്തെ തടവിനും, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളില്‍ ഐപിസി 201-ാം വകുപ്പ് പ്രകാരം പരമാവധി ശിക്ഷയായി ഏഴുവര്‍ഷത്തെ തടവിനും കോടതി വിധിച്ചു. 

ഈ 17 വര്‍ഷത്തിന് ശേഷമായിരിക്കും ഇരട്ട ജീവപര്യന്തിന്റെ കാലാവധി ആരംഭിക്കുക. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജാണ് കേസില്‍ വിധി പറഞ്ഞത്.

അതേസമയം, പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തിയ കേസില്‍ രാജ്യത്ത് ശിക്ഷിക്കപ്പെടാന്‍ പോകുന്ന ആദ്യ പ്രതിയാണ് സൂരജ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top