News Desk

2021-10-13 12:48:15 pm IST
കൊല്ലം: ഉത്ര വധക്കേസ് വിധിയില്‍ തൃപ്തരല്ലെന്ന് ഉത്രയുടെ അമ്മ മണിമേഖല. സൂരജിന് പരമാവധി ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നതായും നീതി കിട്ടിയില്ലെന്നും മണിമേഖല പറഞ്ഞു. തുടര്‍നടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും മണിമേഖല പറഞ്ഞു. സമൂഹത്തില്‍ കുറ്റങ്ങള്‍ ആവര്‍ത്തിക്കുന്നത് നിയമത്തിലെ ഇത്തരം പിഴവ് മൂലമാണെന്നും മണിമേഖല പറഞ്ഞു.

ഉത്രയെ മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്ന കേസില്‍ ഭര്‍ത്താവ് സൂരജിന് കോടതി ഇരട്ടജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. കേസില്‍ വിചാരണ നടത്തിയ കൊല്ലം ആറാം അസി. ജില്ലാ സെഷന്‍സ് മജിസ്‌ട്രേറ്റ്  എം.മനോജാണ് വിധി പ്രസ്താവിച്ചത്. 

വിചിത്രവും പൈശാചികവുമായ കൊല ചെയ്ത പ്രതിക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ നല്‍കണമെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മോഹന്‍രാജ് നേരത്തെ കോടതിയില്‍ വാദിച്ചിരുന്നു. സമൂഹത്തിന് കൃത്യമായ സന്ദേശം നല്‍കുന്ന വിധിയായിരിക്കണം ഉണ്ടാകേണ്ടതെന്നും വധശിക്ഷ നല്‍കാവുന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. 

ഉത്രയെ മൂര്‍ഖനെ ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവ്, ഉത്രയെ അണലിയെ ഉപയോഗിച്ച് നേരത്തെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജീവപര്യന്തം തടവ്, വിഷവസ്തു ഉപയോഗിച്ചതിന് പത്ത് വര്‍ഷം തടവ്, തെളിവ് നശിപ്പിച്ചത് ഏഴ് വര്‍ഷം എന്നിങ്ങനെ നാല് ശിക്ഷകള്‍ ആണ് കോടതി വിധിച്ചത്.

ജീവപര്യന്തം തടവ് ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെങ്കിലും പത്തും, ഏഴും ആകെ 17 തടവുശിക്ഷ സൂരജ് ആദ്യം അനുഭവിക്കണം. ഇതിനുശേഷമായിരിക്കും ജീവപര്യന്തം തടവുശിക്ഷ ആരംഭിക്കുകയെന്ന് വിധിയില്‍ കോടതി വ്യക്തമാക്കി. പ്രതിയുടെ പ്രായവും ഇതിനു മുന്‍പ് കുറ്റകൃത്യങ്ങളില്‍ ഇടപെട്ടിട്ടില്ല എന്നതും വധശിക്ഷയില്‍ നിന്നൊഴിവാക്കാന്‍ കോടതി പരിഗണിച്ചു. നഷ്ടപരിഹാരമായി നല്‍കുന്ന അഞ്ച് ലക്ഷം രൂപ ഉത്രയുടെ കുഞ്ഞിന് ലഭിക്കുമെന്നും വിധിയില്‍ വ്യക്തമാക്കുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH



Top